എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ആശാ ലോറൻസ്, എം.എം. ലോറൻസ്
ആശാ ലോറൻസ്, എം.എം. ലോറൻസ്

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകള്‍ ആശാ ലോറന്‍സിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ആശ ഈ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ മൃതദേഹം സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ലോറന്‍സിന്റെ മകനടക്കം മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതിന് അനുകൂലമായാണ് കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കോടതി നേരത്തെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിനോട് തീരുമാനമെടുക്കന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ആശ ഉള്‍പ്പടെയുള്ളവരുടെ വാദങ്ങള്‍ കേട്ട ശേഷം മൃതദേഹം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇത് ആശ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ഈ ഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്. 

ഇതോടെ എം.എം ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തടസങ്ങളെല്ലാം നീങ്ങി.

Content Highlights: high court denied asha lawrence plea against handing over of her father’s body for medical research