മൂന്നാർ കയ്യേറ്റം: സർക്കാരിന് ആത്മാർഥതയില്ലെന്ന് ഹൈക്കോടതി; CBI അന്വേഷണം പരിഗണിക്കും

കൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയില്ലെന്ന് പറഞ്ഞ കോടതി, വിഷയത്തിൽ സിബിഐ അന്വേഷണം പരിഗണിക്കുമെന്നും വ്യക്തമാക്കി. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മൂന്നാറിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് എല്ലാ മാസവും രണ്ടുതവണ സിറ്റിങ് നടത്തിവരികയാണ്.
കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസത്തേയും ഈ മാസത്തേയും റിപ്പോർട്ട് ഇതുവരെ കോടതിയിൽ നൽകിയിട്ടില്ല. ഇതോടെയാണ് ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ചത്. എന്തുകൊണ്ട് ഇതെല്ലാം സംഭവിക്കുന്നെന്ന് കോടതി ചോദിച്ചു. 14 വർഷമായിട്ടും സർക്കാർ നടപടികൾ എങ്ങുമെത്തുന്നില്ലെന്നും മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിൽ അന്വേഷണം നടത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച ഉച്ചയ്ക്ക് 1.45ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഹാജരാകണെമെന്നാണ് കോടതി നിർദേശം. നടപടികൾ സംബന്ധിച്ച വിശദീകരണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടാനാണ് സാധ്യത.
മൂന്നാറിൽ വ്യാജ പട്ടയങ്ങൾ നൽകിയതായി നേരത്തെതന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, പട്ടയങ്ങൾ അനുവദിച്ച റവന്യൂ അധികൃതർക്കെതിരെ സർക്കാർ യാതൊരു നടപടിയും എടുത്തില്ല. രാഷ്ട്രീയ പാർട്ടികളുടെ ഒത്തോശയോടെ ഉദ്യോഗസ്ഥ-കയ്യേറ്റ മാഫിയ കൂട്ടുകെട്ട് മൂന്നാറിലുണ്ടെന്ന ആരോപണം ശക്തമാണ്.
Content Highlights: high court against kerala government on munnar encroachment