'കൂടോത്രമാണോ'?; തൊഴിലുറപ്പിലെടുത്ത മഴക്കുഴിയിൽ 'നിധി', കണ്ടെത്തിയത് സ്വര്‍ണം

കണ്ണൂരിൽ നിന്ന് കിട്ടി നിധിശേഖരം, തൊഴിലുറപ്പ് തൊഴിലാളി | Photo: Screengrab/ Mathrubbhumi News
കണ്ണൂരിൽ നിന്ന് കിട്ടി നിധിശേഖരം, തൊഴിലുറപ്പ് തൊഴിലാളി | Photo: Screengrab/ Mathrubbhumi News

ശ്രീകണ്ഠപുരം: ഞങ്ങൾ 18 പേരായിരുന്നു അവിടെ മഴക്കുഴി എടുത്തുകൊണ്ടിരുന്നത്. രണ്ടുപേർ ചേർന്ന് ഒരുകുഴിയെടുക്കണം. ഞാനും സുഹറയുമായിരുന്നു ഒന്നിച്ച്. വ്യാഴാഴ്ച രാവിലെ ഒരുമീറ്റർ കുഴിച്ചപ്പോൾ തന്നെ ചെളിയിൽ പൊതിഞ്ഞ പാത്രം കിട്ടി. ആദ്യം അത് കാര്യമാക്കിയില്ല. കൂടോത്രാമാണോയെന്ന് തമാശ പറഞ്ഞ് അത് കുഴിക്ക് പുറത്തേക്കിട്ടു -പരിപ്പായിയിലെ തൊഴിലുറപ്പ് തൊഴിലാളി എൻ.പി.ആയിഷ മഴക്കുഴി എടുക്കുന്നതിനിടെ നിധി കണ്ടെത്തിയ സംഭവം ഓർമിച്ചു.

കുറേസമയം ആരും അതിനെ ശ്രദ്ധിച്ചതേയില്ല. നാലുമണിയാകുമ്പോൾ സുഹറയുടെ കുട കാണാത്തതുകൊണ്ട് കുഴിക്ക് സമീപം നോക്കുമ്പോഴാണ് അവിടെ എന്തോ മിന്നുന്നതുപോലെ ശ്രദ്ധയിൽപ്പെട്ടത്. ചെളിയൊക്കെ മാറ്റി ആ പാത്രം തുറന്നു നോക്കിയപ്പോൾ അകത്ത് സ്വർണമൊക്കെയുണ്ട്. എല്ലാവരും ഓടിവന്നു. പാത്രത്തിൽനിന്ന് കുടഞ്ഞിട്ടു. വെള്ളമെടുത്ത് കഴുകി വൃത്തിയാക്കി.

അപ്പോൾത്തന്നെ പഞ്ചായത്തിലും വിളിച്ചുപറഞ്ഞു. നിങ്ങള് അത് അവിടെ വെച്ചോ എന്ന് പറഞ്ഞു. പഞ്ചായത്തിൽനിന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞ് പോലീസെത്തി സാധനം വാങ്ങിച്ചുപോയി. ശനിയാഴ്ച രാവിലെ കുഴിയുടെ പരിസരത്ത് നോക്കിയപ്പോൾ അഞ്ച് വെള്ളിനാണയങ്ങളും ഒരു മാലയുടെ മുത്തും കിട്ടി. അതും പോലീസിന്റെ കൈയിൽ കൊടുത്തു. അന്ന് ആ പാത്രത്തിൽനിന്ന് വീണുപോയതാകും -ആയിഷ പറഞ്ഞു.

പരിപ്പായി ഗവ. യു.പി. സ്കൂളിന് സമീപത്തെ പുതിയപുരയിൽ പി.പി.താജുദ്ദീന്റെ റബ്ബർത്തോട്ടത്തിൽനിന്നാണ് വ്യാഴാഴ്ച നിധി ലഭിച്ചത്. വർഷങ്ങളായി തന്റെ കുടുംബസ്വത്താണിതെന്നും 1972 മുതൽ ഉമ്മയുടെ പേരിലുള്ള സ്ഥലമാണിതെന്നും താജുദ്ദീൻ പറഞ്ഞു. എങ്ങനെ ഇതിവിടെ വന്നു എന്നതിനെപ്പറ്റി ഒന്നുമറിയില്ല. എല്ലാവർക്കുമുള്ള അതേ കൗതുകമാണ് തനിക്കും തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: hidden treasure unearthed in kannur