'ഹലോ ടു എ.ഐ.' കാമ്പയിന് കണ്ണൂരിൽ തുടക്കമായി

കണ്ണൂർ: ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് എ.ഐ. പരിചയപ്പെടുത്തുന്നതിനായി ഡി.വൈ.എഫ്.ഐ. സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന 'ഹലോ ടു എ.ഐ.' കാമ്പയിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കൂത്തുപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉദ്ഘാടന പരിപാടി വി.കെ. സനോജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ അനുശ്രീ അധ്യക്ഷനായി. പ്രൊഫഷണൽ സബ് കമ്മിറ്റി കൺവീനർ ശ്രീനാഥ്. വി.പി. സ്വാഗതം പറഞ്ഞു. എ.ഐ.യെക്കുറിച്ചുള്ള ക്ലാസ് ധനൂപ് ആർ., ഷംസുദ്ധീൻ മരക്കാർ എന്നിവർ നയിച്ചു.

ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്തംഗവുമായ മുഹമ്മദ് അഫ്‌സൽ, കൂത്തുപറമ്പ് നഗരസഭ ചെയർമാൻ ഷിജിത്ത്, ജില്ലാ ട്രഷറർ സിറാജ് മുഹമ്മദ്, കൂത്തുപറമ്പ് ബ്ലോക്ക് സെക്രട്ടറി പി. മിഥുൻ, ബ്ലോക്ക് പ്രസിഡന്റ് സി.പി. അജേഷ്, ജില്ലാ കമ്മിറ്റിയംഗം അർജുൻ എസ്.കെ., സ്‌കൂൾ പ്രൻസിപ്പൾ ശ്യാംലാൽ, പ്രധാനാധ്യാപിക തുടങ്ങിയവർ ആശംസകളറിയിച്ചു. സ്‌കൂൾ ലീഡർ തേജസ്വിനി നന്ദിപറഞ്ഞു.

എ.ഐ.യെക്കുറിച്ചുള്ള അടിസ്ഥാന അറിവിനൊപ്പം സാങ്കേതികവിദ്യ പ്രായോഗികമായി പരിചയപ്പെടുന്നതിനും വിവേകപൂർവവും ഉത്തരവാദിത്വത്തോടേയും ഉപയോഗിക്കുന്നതിനും വിദ്യാർഥികൾക്ക് അവസരമൊരുക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. എ.ഐ. മേഖലയിൽ വൈദഗ്ധ്യമുള്ള മെന്റർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ ഹാൻഡ്‌സ്-ഓൺ എ.ഐ. വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും.

എ.ഐ. മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് കാമ്പയിന്റെ ഭാഗമായി മെന്റർമാരായി പ്രവർത്തിക്കാനും സ്വന്തം സ്‌കൂളുകളെ 'ഹലോ ടു എ.ഐ.' കാമ്പയിനുമായി ബന്ധിപ്പിച്ച് ഈ പരിപാടിയുടെ ഭാഗമാക്കാനും അവസരമുണ്ട്. വിദ്യാർഥികൾക്കായുള്ള ക്ലാസുകൾ പൂർണമായി സൗജന്യമായിരിക്കും. എ.ഐ. സാങ്കേതികവിദ്യയുടെ ഭാവി സാധ്യതകൾ തിരിച്ചറിഞ്ഞ്, അതിനെ ഉത്തരവാദിത്വത്തോടേയും ക്രിയാത്മകമായും പ്രയോജനപ്പെടുത്താൻ പുതിയ തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ. കാമ്പയിൻ സംഘടിപ്പിക്കുന്നത്.

കാമ്പയിന്റെ ആദ്യഘട്ടത്തിൽ ഒക്ടോബർ മാസത്തിനുള്ളിൽ നൂറ് സ്‌കൂളുകളിൽ കാമ്പയിൻ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള ഉദ്ഘാടന പരിപാടികൾ നടക്കും. കാമ്പയിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.hello2ai.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.