കനത്ത മഴയിൽ വ്യാപക നാശനഷ്ടം; തോണിമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ

കോഴിക്കോട്: സംസ്ഥാനത്തു പെയ്ത വ്യാപകമായ മഴയില്‍ കനത്ത നാശനഷ്ടം. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായത്. ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ ചിലയിടത്ത് വലിയ വെള്ളക്കെട്ടുണ്ടായി.
കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിനടുത്ത് മത്സ്യബന്ധനത്തിനുപോയി തിരിച്ചുവരികയായിരുന്ന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ (65) ആണ് മരിച്ചത്. കടല്‍ പെട്ടെന്ന് ക്ഷുഭിതമായപ്പോള്‍ തോണി തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ കോതി അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് ഫിറോസ് എന്നയാളുടെ ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു.