സർക്കാരിന്റെ 100-ാം ദിവസം ടീം UDF-ൽ ഭിന്നത? ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും നേർക്കുനേർ

#ന്യൂസ് ഡെസ്ക്
റോജി എം. ജോൺ, കെ. മുരളീധരൻ | ചിത്രങ്ങൾ: മാതൃഭൂമി
റോജി എം. ജോൺ, കെ. മുരളീധരൻ | ചിത്രങ്ങൾ: മാതൃഭൂമി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ് 100 ദിവസം തികയ്ക്കുന്ന ദിവസം മന്ത്രിസഭയിലെ രണ്ട് വകുപ്പുകൾ തമ്മിലുള്ള ഭിന്നത പരസ്യമാകുന്നു. ഭരണം മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങുന്നുവെന്നും ടീം വർക്ക് കാണാനില്ലെന്നുമുള്ള പരാതികൾക്കിടയിലാണ് ഉന്നതവിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾ തമ്മിലുള്ള തർക്കവും പുറത്തുവന്നിരിക്കുന്നത്. പ്രൊഫഷണൽ കോഴ്‌സ് പ്രവേശനവും ഫീസ് നിർണയവും സംബന്ധിച്ച മേൽനോട്ട സമിതിയുടെ തലവനായി മുൻ ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്.

ആരോഗ്യവകുപ്പുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായാണ് ഈ നിയമനം നടത്തിയത്. ഇതാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെ ചൊടിപ്പിച്ചത്. നിയമനം റദ്ദാക്കാൻ തയ്യാറായില്ലെങ്കിൽ ആരോഗ്യവകുപ്പ് പ്രത്യേക സമിതിയെ നിയമിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. മേൽനോട്ട സമിതി അധ്യക്ഷന്റെ നിയമനത്തിലുണ്ടായ കാലതാമസം സ്വാശ്രയ മെഡിക്കൽ പ്രവേശനത്തെയും ഫീസ് നിർണയവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി നടത്തേണ്ട ചർച്ചകളെയും സാരമായി ബാധിച്ചിരുന്നു.

അതേസമയം ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ നിലവിലുള്ളൂവെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറയുന്നത്. സമിതിയുടെ നിയമനത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാം ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നാലര വർഷത്തെ ഫീസ് മാത്രമേ വാങ്ങാൻ പാടുള്ളൂ എന്നിരിക്കെ, അതിൽ കൂടുതൽ വാങ്ങുന്ന മാനേജ്‌മെന്റുകളുടെ കാര്യത്തിൽ പ്രത്യേക താല്പര്യം എടുക്കേണ്ടതില്ലെന്നും കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിച്ചുകൊണ്ടുള്ള നടപടികളാകും ഇനി ഉണ്ടാകുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ലോകായുക്ത, ഉപലോകായുക്ത പദവികൾ വഹിച്ചിരുന്നവർക്ക് പിന്നീട് സർക്കാരിന് കീഴിൽ പുനർനിയമനം നൽകരുതെന്ന വ്യവസ്ഥ നിലനിൽക്കെ, ഇതുകൂടി കാറ്റിൽപ്പറത്തിയാണ് ജസ്റ്റിസ് കെ.പി. ബാലചന്ദ്രനെ നിയമിച്ചതെന്ന ആക്ഷേപവും ശക്തമാണ്.

Content Highlights: On the 100th day of the UDF government, a public rift emerged between the Higher Education and Health departments over the unilateral appointment of former Sub-Lokayukta Justice K.P. Balachandran as head of the professional course admission and fee regulatory committee.