ശാരീരികക്ഷമതയും സാമൂഹിക അവബോധവും ലക്ഷ്യമിട്ട് എക്‌സൽ 2026-ന്റെ മിനി മാരത്തോൺ

കൊച്ചി: ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളേജിന്റെ ടെക്‌നോ-മാനേജീരിയൽ ഫെസ്റ്റായ എക്‌സൽ 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ഹെഡ്സ്റ്റാർട്ട് 2.0 പത്തുകിലോമീറ്റർ മിനി മാരത്തോൺ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ കായികപ്രേമികളും നാട്ടുകാരും പങ്കെടുത്തു. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് മാരത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്തു.
മൈൻഡ് എംപവേർഡിന്റെ സഹകരണത്തോടെയും കേരള പോലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ തൂഫാൻ തദ്ദേശത്തിന്റെ പങ്കാളിത്തത്തോടെയുമാണ് മാരത്തോൺ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു.
മാരത്തോണിന് ഡ്രിങ്ക്കൊച്ചി ഹൈഡ്രേഷൻ പാർട്ണറായും ആസ്റ്റർ മെഡ്സിറ്റി ഹെൽത്ത്കെയർ പാർട്ണറായും കോംബാറ്റ് ഫിറ്റ്നസ് കൾട്ട് ഫിറ്റ്നസ് പാർട്ണറായും നോ സീക്രട്ട്‌സ് ഇലക്ട്രോലൈറ്റ്‌സ് പാർട്ണറായും പിന്തുണ നൽകി.