ആ സഹനത്തിനും പോരാട്ടത്തിനും എട്ടുവര്ഷം; ഹര്ഷിന വീണ്ടും തെരുവില്

കോഴിക്കോട്: ആ സഹനത്തിന് എട്ടുവര്ഷം തികയാറായി. അഞ്ചുവര്ഷം വയറ്റിലൊരു കത്രികയുമായി കഠിനവേദനതിന്ന് ജീവിക്കേണ്ടിവന്നു ഹര്ഷിന. എന്നിട്ടും തളരാതെനിന്ന അവര് പതറിപ്പോയത് സത്യം പകല്പോലെ തെളിഞ്ഞിട്ടും അധികാരികള് കണ്ടില്ലെന്നു നടിച്ചപ്പോഴാണ്. ആ വേദനയെയും അവര് അതിജീവിച്ചു. തെരുവില് 110 ദിവസം സമരംചെയ്തു. ഒടുവില് ശസ്ത്രക്രിയനടത്തിയ രണ്ടു ഡോക്ടര്മാരെയും രണ്ടു നഴ്സുമാരെയും പ്രതിയാക്കി കോടതിയില് പോലീസ് കുറ്റപത്രം സമര്പ്പിച്ചപ്പോഴാണ് ഒരല്പം ആശ്വാസമായത്.
എന്നാല്, പിന്നെയും അവരെ കാത്തിരുന്നത് പരീക്ഷണങ്ങളായിരുന്നു. കുന്ദമംഗലം ജുഡീഷ്യല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് നടപടികള് പുരോഗമിക്കുന്നതിനിടയിലാണ് പ്രതികള് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയത്. അന്നു തുടങ്ങിയ കാത്തിരിപ്പ് ഒരു വര്ഷം പിന്നിടുമ്പോള് അവര്ക്ക് വീണ്ടും തെരുവിലിറങ്ങേണ്ടിവന്നു. പ്രസവശസ്ത്രക്രിയക്കിടെ കത്രിക വയറ്റില് കുടുങ്ങിയതിനെത്തുടര്ന്ന് അഞ്ചുവര്ഷം വേദനസഹിച്ചു കഴിഞ്ഞ ഹര്ഷിന നീതിതേടി ചൊവ്വാഴ്ച കളക്ടറേറ്റിനുമുന്നില് വീണ്ടും ഏകദിന സത്യഗ്രഹമിരുന്നു.
''ഇത്രകാലമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് നീതിതേടി വീണ്ടും തെരുവിലേക്കിറങ്ങേണ്ടിവന്നത്'' -ഹര്ഷിന പറയുന്നു.
ഹൈക്കോടതി സ്വമേധയാ ഇടപെടണം -മുല്ലപ്പള്ളി
സത്യാഗ്രഹസമരം മുന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനംചെയ്തു. ഹര്ഷിനയുടെ വിഷയത്തില് ഹൈക്കോടതി സ്വമേധയാ ഇടപെട്ട് നീതിലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്ന നീതി അനീതിയാണ്. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാമെന്ന് ഔദാര്യംപോലെ പറഞ്ഞ് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്കിരയായ യുവതിയെ സര്ക്കാര് കൈയൊഴിയുകയാണ്. തുടര്ച്ചയായ നീതിനിഷേധമാണ് ഹര്ഷിന അനുഭവിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
2017 നവംബര് 30-ന് കോഴിക്കോട് മെഡിക്കല് കോളേജില് നടത്തിയ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹര്ഷിനയുടെ വയറ്റില് കത്രികകുടുങ്ങിയത്. ഹര്ഷിനയ്ക്ക് അര്ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരസമിതി പ്രക്ഷോഭരംഗത്ത് തുടരുന്നത്. മുന്പ് നല്കിയ ഉറപ്പുകള് പാലിക്കുന്നില്ലെങ്കില് പ്രക്ഷോഭങ്ങളുമായി സമരസമിതി മുന്നോട്ടുപോകുമെന്ന് അധ്യക്ഷതവഹിച്ച സമരസമിതി ചെയര്മാന് ദിനേശ് പെരുമണ്ണ പറഞ്ഞു. കെപിസിസി ജന. സെക്രട്ടറി പി.എം. നിയാസ്, യുഡിഎഫ് ജില്ലാ കണ്വീനര് അഹമ്മദ് പുന്നക്കല്, കെഎസ്യു മുന് സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ചന്ദ്രിക കൊയിലാണ്ടി, കെ. രാമചന്ദ്രന്, ഫൗസിയ അസീസ്, എം. ധനീഷ് ലാല്, വി.പി. ദുല്ഖിഫില്, എം. രാജന്, സമരസമിതി കണ്വീനര് മുസ്തഫ പാലാഴി, പി.കെ. സുഭാഷ് ചന്ദ്രന് എന്നിവര് സംസാരിച്ചു.
Content Highlights: Harshina stages protest after a scissors was left in her abdomen for 5 years during surgery.