‘അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടി’;ഹർഷിന ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട്: തനിക്ക് പൂർണ്ണ നീതി ലഭിച്ചൂ എന്നും അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടിയാണ് തന്റെ ജോലിയെന്നും ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുമായിരുന്നു അവർ. 2017 ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വർഷങ്ങളായി സമരത്തിൽ ആയിരുന്ന ഹർഷിനക്ക് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി നൽകിയത്.
ഇന്ന് രാവിലെ ജോലിയിൽ പ്രവേശിക്കാൻ എത്തിയതായിരുന്നു ഹർഷിന. ഒമ്പത് വർഷത്തോളം നീണ്ടുനിന്ന ദുരിതമാണ്. നാലുവർഷത്തോളം സമരം ഇരുന്നു. തനിക്ക് ആരോഗ്യപരമായും മറ്റും വലിയ നഷ്ടമാണ് സംഭവിച്ചത്. നല്ല രീതിയിൽ മുന്നോട്ടു പോകുമായിരുന്ന ബിരുദ പഠനം പോലും നടന്നില്ല. അങ്ങോട്ട് ആവശ്യപ്പെടാതെയാണ് ജോലി നൽകിയത്. തുടർ ചികിത്സയും ഉറപ്പുനൽകി. ഇത് വലിയ ആശ്വാസമാണ് തനിക്ക് നൽകിയതെന്നും ഹർഷിന പറഞ്ഞു.
യഥാർത്ഥ മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്ന് വി.ഡി. സതീശൻ തെളിയിച്ചു. കേസിന്റെ കാര്യങ്ങൾ ചോദിക്കുമ്പോൾ തന്നെ എല്ലാം പരിഹരിച്ചു എന്ന മറുപടിയാണ് ലഭിച്ചത്. ഇത് അപ്രതീക്ഷിതമായിരുന്നു. ആരോഗ്യമന്ത്രിയും കൂടെ നിന്നൂവെന്നും ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് ആയി ആണ് നിയമനം. ആശുപത്രി വികസന സമിതി വഴി സ്ഥിര നിയമനമാണ്.
Content Highlights: Harshina joins Kozhikode Medical College as an Office Assistant., The appointment follows a 9-year struggle after a surgical scissors incident