ഖരമാലിന്യ പരിപാലനം; പാണപ്പുഴയില്‍ ഹരിത വ്യവസായ പാര്‍ക്ക് വരുന്നു

കാസർകോട്: ഖരമാലിന്യ പരിപാലനപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഹരിത വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നു. നഗരങ്ങളിൽനിന്ന് ശേഖരിക്കുന്ന ഖരമാലിന്യം മേഖലാതലത്തിൽ പുനഃചംക്രമണത്തിലൂടെ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഇവിടെയൊരുക്കും.
പാണപ്പുഴയിൽ ആദ്യത്തെ ഹരിത വ്യവസായപാർക്ക് ഒരുക്കാൻ നടപടി തുടങ്ങി. ഇതിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി.)ക്ക് 13.27 ഹെക്ടർ സ്ഥലം കൂടിയാലോചനയിലൂടെ വാങ്ങാൻ സർക്കാർ അനുമതി നൽകി.
നിർമാണസമയത്തും കെട്ടിടങ്ങളും മറ്റും പൊളിക്കുമ്പോഴുമുണ്ടാകുന്ന അവശിഷ്ടങ്ങൾ (സി ആൻഡ് ഡി ഡെബ്രിസ്), പ്ലാസ്റ്റിക്, ഗ്ലാസ്, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയവ പുനഃചംക്രമണം ചെയ്യാനുള്ള വിപുല സൗകര്യങ്ങൾ സംസ്ഥാനത്തില്ല. ഇവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
സംസ്ഥാനത്തെ നഗരങ്ങളിൽനിന്നും ഹരിതകർമസേന വഴിയും മറ്റും ഇപ്പോൾ ഇത്തരം മാലിന്യങ്ങൾ വൻതോതിൽ ശേഖരിക്കുകയും വേർതിരിക്കുകയും പുനഃചംക്രമണത്തിനയക്കുകയും ചെയ്യുന്നുണ്ട്. ഇവിടെത്തന്നെ അടിസ്ഥാനസൗകര്യമൊരുക്കി മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കാനായാൽ സാമ്പത്തികനേട്ടവും തൊഴിലവസരവും ഉണ്ടാകും.
പുനഃചംക്രമണത്തിനുള്ള അടിസ്ഥാനസൗകര്യമൊരുക്കാനാണ് സ്വകാര്യ പങ്കാളിത്തത്തോടെ ഹരിത വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നത്. ഇതിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി നേരിട്ട് വാങ്ങുകയോ ഏറ്റെടുക്കുകയോ ചെയ്യാം.
കെ.എസ്.ഡബ്ല്യു.പി. പ്രോജക്ട് ഡയറക്ടറുടെ ആവശ്യപ്രകാരമാണിപ്പോൾ സർക്കാർ പാണപ്പുഴയിൽ 13.27 ഹെക്ടർ സ്ഥലം കൂടിയാലോചനയിലൂടെ വാങ്ങാൻ അനുമതി നൽകിയത്. ജില്ലാ കളക്ടർ മൂല്യനിർണയം നടത്തി നിശ്ചയിക്കുന്ന വിലയാകും നൽകുക.
Content Highlights: haritha vyavasaya park to be formed for solid waste management