ഹരിതവിവാദത്തിൽ പുറത്താക്കിയ MSF നേതാക്കളെ തിരിച്ചെടുക്കാൻ ലീഗ്; LDF-നായി പ്രചാരണത്തിനിറങ്ങാനിരിക്കെ

#മുഹമ്മദ് ഷഹീദ്/ മാതൃഭൂ ന്യൂസ്
ഫയല്‍ ചിത്രം | ഫോട്ടോ: മാതൃഭൂമി
ഫയല്‍ ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ഹരിത വിവാദവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട എം.എസ്.എഫ്. നേതാക്കളായിരുന്നവരെ തിരിച്ചെടുക്കുന്നു. ലത്തീഫ് തുറയൂർ, ഫവാസ് എന്നിവരെ തിരിച്ചെടുക്കാനാണ് പാർട്ടി ധാരണ. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഖേദം പ്രകടിപ്പിച്ച് ഇരുവരും നേതൃത്വത്തിന് കത്തയച്ചു.

മുസ്ലിം ലീഗിനെ പിടിച്ചുലച്ച ഹരിത വിവാദ സമയത്ത് അന്നത്തെ എം.എസ്.എഫ്. ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ സെക്രട്ടറി ഫവാസ് ഏറനാട് ഉൾപ്പെടെള്ളവർ വനിതാ നേതാക്കളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് ഇവരെ ലീഗ് നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ ലത്തീഫിനേയും ഫവാസിനേയും തിരിച്ചെടുക്കാനുള്ള ധാരണയാണ് ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

പൊന്നാനിയിലെ ഇടത് സ്ഥാനാർഥി കെ.എസ്. ഹംസയുമായിഅടുത്ത ബന്ധം പുലർത്തുന്നവരാണ് ലത്തീഫും ഫവാസും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള നീക്കവും ഇവർക്കിടയിൽ നടക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഒപ്പം തന്നെ പാർട്ടിയിലെ മുതിർന്ന നേതാവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നാണ് സൂചന. ഇതൊക്കെ കണക്കിലെടുത്താണ് അടിയന്തരമായി ഇവരെ തിരികെ പാർട്ടിയിൽ എടുക്കാൻ ധാരണ ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് ഇവരെ തിരിച്ചെടുക്കുന്നതിൽ കടുത്ത എതിർപ്പ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

Content Highlights: haritha controversy muslim league recall expelled leaders