യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഹാക്കര്‍മാരെ ഉപയോഗിച്ചു, ഗുരുതര ആരോപണങ്ങളുമായി എ.എ. റഹിം

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം. ഒരു സംഘടിത കുറ്റകൃത്യമാണ് നടന്നതെന്നും ഹാക്കര്‍മാരെ ഉപയോഗിച്ച് സിസ്റ്റത്തെ ഹാക്ക് ചെയ്ത് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നും റഹിം ആരോപിച്ചു.
രാജ്യത്തെ അതീവ സുരക്ഷയുള്ള ഒരു ധനകാര്യസ്ഥാപനത്തിന്റെ സിസ്റ്റം ഹാക്ക് ചെയ്ത് ലക്ഷങ്ങള്‍ കവര്‍ന്ന കേസ് ഡല്‍ഹി കേന്ദ്രീകരിച്ച് ഒരു അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ മലപ്പുറം സ്വദേശിയായ ഒരു ഹാക്കറെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇയാളുടെ സേവനം കള്ളവോട്ട് ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വിഭാഗം പ്രയോജനപ്പെടുത്തിയെന്നും റഹിം ആരോപിച്ചു. മലപ്പുറത്തെ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ഇതിന് നേതൃത്വം നല്‍കിയത്. ഏത് സിസ്റ്റത്തെയും ഹാക്ക് ചെയ്യാവുന്ന ടെക്‌നിക്കല്‍ കുറ്റകൃത്യം അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ഇലക്ഷന്‍ സംവിധാനത്തെ അട്ടിമറിക്കുമെന്ന സൂചനയാണിത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ഇടപ്പെടല്‍ അന്വേഷിക്കണം. ഇതിന് മുന്‍പ് ഈ ടെക്‌നോളജി ഉപയോഗിച്ചുകൊണ്ട് വ്യാജ ഐ.ഡി. കാര്‍ഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോയെന്നും 2024 തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പരീക്ഷണപദ്ധതിയാണോ നടന്നതെന്നും ഗൗരവമായി പരിശോധിക്കണമെന്നും റഹിം പറഞ്ഞു.
Content Highlights: hackers were used in youth congress election aa rahim