കൈക്കൂലി ആരോപണക്കേസ്: ഗ്യാനേഷ് കുമാറിന്റെ പേരിൽ കേസെടുക്കും; അന്വേഷണം പ്രത്യേക സംഘത്തിന്

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുള്ള കേസ് വിജിലൻസിന്റെ തിരുവനന്തപുരത്തെ പ്രത്യേക അന്വേഷണ യൂണിറ്റ് ഒന്ന് അന്വേഷിക്കും. എസ്.പി. ഇമാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ പേരിൽ കേസെടുക്കും. കരാറുകാരനായ വി.ഒ. സാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.
2007 -ൽ നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായി നേരത്തേ പ്രാഥമിക പരിശോധന നടത്തിയതും ഇതേ സംഘമായിരുന്നു. അതിൽ തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടർന്നാണ് സാജൻ മൊഴി നൽകാനെത്തിയത്.
കെ.എസ്.ടി.പി. റോഡ് വികസനത്തിന് കരാറെടുത്ത കമ്പനിയായ പതിബെല്ലിന്റെ ഉപകരാറുകാരനായിരുന്നു സാജൻ. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പതിബെൽ പ്രോജക്ട് മാനേജരായിരുന്ന ലീ സീ ബിൻ ആത്മഹത്യചെയ്തത് ബില്ലുകൾ മാറിനൽകാത്തിനാലാണെന്നുമാണ് സാജന്റെ ആരോപണം.
കേസ് രജിസ്റ്റർചെയ്തശേഷം ഗ്യാനേഷ് കുമാറിനെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് വിജിലൻസ് കടന്നേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെന്ന പരിരക്ഷയുണ്ടെങ്കിലും മുൻപ് വഹിച്ച പദവി സംബന്ധിച്ച അന്വേഷണമായതിനാൽ തടസ്സമില്ലെന്നാണ് നിയമോപദേശം.
Content Highlights: The Kerala Vigilance Special Investigation Unit will register a case and probe bribery allegations against Chief Election Commissioner Gyanesh Kumar following a contractor's statement regarding road development funds.