ഗുരുവായൂർ- തിരുനാവായ റെയിൽ: അലൈൻമെന്റിൽ മാറ്റംവരാം; പൊന്നാനിയിൽ സ്റ്റേഷൻ, ദൂരം കുറയും

#കെ. ഉണ്ണികൃഷ്ണൻ
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ | Photo: Mathrubhumi
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ | Photo: Mathrubhumi

കൊച്ചി: വീണ്ടും സജീവമായ ഗുരുവായൂർ- തിരുനാവായ റെയിൽ പദ്ധതിയുടെ അലൈൻമെന്റിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയാകും പാത നിർമിക്കുക.

സ്ഥലമെടുപ്പിനെതിരേ പ്രതിഷേധം ഉയർന്നതോടെയാണ് പദ്ധതി നിശ്ചലമായത്. മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്നതിനാൽ പഴയ എതിർപ്പ് ഇപ്പോൾ ഉണ്ടാവില്ലെന്ന് റെയിൽവേ കരുതുന്നു.

പദ്ധതി മരവിപ്പിച്ച നടപടി റെയിൽവേ ബോർഡ് റദ്ദാക്കിയിരുന്നു. പദ്ധതി യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവും സംസാരിച്ചിരുന്നു.

38 കിലോ മീറ്ററാണ് പാതയുടെ നീളം. ശിലാസ്ഥാപനം നടത്തിയ വർഷം കേന്ദ്രബജറ്റിൽ 37 കോടി രൂപ നീക്കിവെച്ചിരുന്നു. പദ്ധതി നടപ്പാക്കാൻ 137 കോടിയായിരുന്നു അന്ന് ചെലവ്. പാത മരവിപ്പിച്ചിരുന്നതിനാൽ ബജറ്റിൽ നീക്കിവെക്കുന്ന തുക ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്രയും കാലത്തിനുശേഷം പദ്ധതി നടപ്പാക്കുമ്പോൾ എസ്റ്റിമേറ്റ് ഉയരും.

ദൂരം കുറയും തിരക്കും

പാത വന്നാൽ ഗുരുവായൂരിൽനിന്ന് തൃശ്ശൂരിൽ പോകാതെ നേരിട്ട് ഷൊർണൂർ, മംഗലാപുരം ഭാഗങ്ങളിലേക്ക്‌ ട്രെയിനുകൾക്ക് പോകാനാകും.

2023-ൽ ലിഡാർ സർവ്വേ നടത്തിയിരുന്നു. ഇനി ഭൂതല സർവ്വേ നടത്തിയ ശേഷമാകും നിർമാണച്ചെലവിന്റെ വിശദാംശങ്ങൾ കണക്കാക്കുക. തുടർനടപടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ റെയിൽവേ അധികൃതർ തൃശ്ശൂർ, മലപ്പുറം കളക്ടർമാരുമായി ബന്ധപ്പെടും.

പൊന്നാനിയിൽ സ്റ്റേഷൻ

കനോലി കനാലിന് സമാന്തരമായി പാത നിർമിക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇവിടെ ജനസാന്ദ്രത താരതമ്യേന കുറവാണ്. പാതയിൽ ഗുരുവായൂർ കഴിഞ്ഞാൽ മുഖ്യസ്റ്റേഷൻ പൊന്നാനിയാണ്. പെരുമ്പടപ്പ്, തവനൂർ എന്നിവിടങ്ങളിൽ ചെറിയ ഹാൾട്ട് സ്റ്റേഷനുകളുണ്ടാകും.

Content Highlights: Guruvayur-Thirunavaya Rail Project: Alignment Tweaks to Ease Congestion and Reduce Travel Time