ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച ആഘോഷിച്ചു. മനയം, അഴിയ്ക്കൽ എന്നീ അവകാശി കുടുംബങ്ങളിൽ നിന്ന് കൊണ്ടുവന്ന കതിർക്കറ്റകൾ
ക്ഷേത്രം കിഴക്കേ ഗോപുര നടയിൽ അരിമാവണിഞ്ഞ നാക്കിലയിൽ നിരത്തി വെച്ചു. ശാന്തിയേറ്റ കീഴ്ശാന്തിമാരായ കൊടയ്ക്കാട്ട് കൃഷ്ണൻ നമ്പൂതിരി തീർഥം കളിച്ച ശേഷം കീഴിയേടം വാസുദേവ് നമ്പൂതിരിയുടെ നേതൃത്വത്തിൽ 50 ഓളം കീഴ്ശാന്തിമാർ കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്രം വലം വെച്ചു.
രാവിലെ എട്ടരയ്ക്ക് കൊടിമരച്ചുവട്ടിൽ ഇല്ലം നിറ പൂജാ ചടങ്ങുകൾ തുടങ്ങി. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്‌ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ടി.എം. നാരായണൻ നമ്പൂതിരി ലക്ഷ്മി പുജ നിർവ്വഹിച്ചു. തുടർന്ന് ആദ്യത്തെ കറ്റകൾ ശ്രീലകത്തേയ്ക്ക് എഴുന്നള്ളിച്ചു. പുതിയേടത്ത് പിഷാരത്ത് ഗോവിന്ദ് പിഷാരടി വിളക്ക് പിടിച്ചു. ഗുരുവായൂർ കൃഷ്‌ണകുമാർ മാരാർ ശംഖുനാദം മുഴക്കി. ഗുരുവായൂർ കൃഷ്‌ണ പ്രസാദ് മാരാർ വലന്തല കൊട്ടി.
പൂജിച്ച കതിരുകൾ പിന്നീട് ഭക്തർക്ക് വിതരണം ചെയ്തു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതിയംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം.യു ഷിനിജ, ക്ഷേത്രം എ.വി.പ്രശാന്ത്, എം. ഹരിദാസ് എന്നിവർ ഉണ്ടായി. ഇല്ലം നിറയുടെ തുടർച്ചയായുള്ള പുത്തരി 30 നാണ്.
Content Highlights: Illam Nira celebrated with traditional rituals at Guruvayur Temple., Kadhirkkattakal brought by Manayam and Azhiyakkal families., Lakshmi pooja performed by Melsanthi T.M. Narayanan Namboodiri., Blessed crop bundles distributed to devotees., Puthari scheduled for the 30th.