ഗുരുവായൂര്‍-മധുര എക്സ്പ്രസിന് പെരിനാട്ട് സ്റ്റോപ്പ്; ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

അഞ്ചാലുംമൂട്(കൊല്ലം): കേരളത്തില്‍ ഇരുപതിനായിരം കോടി രൂപയുടെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഗുരുവായൂര്‍-മധുര എക്സ്പ്രസിന് പെരിനാട്ട് സ്റ്റോപ്പ് അനുവദിച്ചതിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന പ്രവൃത്തികള്‍ നടന്നുവരുന്നു. 35 സ്റ്റേഷനുകള്‍ അമൃത് പദ്ധതിയിലൂടെ നവീകരിക്കുന്നുണ്ട്. പാത ഇരട്ടിപ്പിക്കലിനും നവീകരണത്തിനുമായി 12,000 കോടി ചെലവഴിക്കുന്നുണ്ട്. എന്‍.കെ. പ്രേമചന്ദ്രന്‍ ഐക്യരാഷ്ട്രസഭയില്‍ ഭാരതത്തിനുവേണ്ടി പ്രസംഗിച്ചതില്‍ അഭിനന്ദനം അറിയിക്കുന്നതായും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
പെരിനാട് സ്റ്റേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. അടിപ്പാതയില്‍നിന്ന് സ്റ്റേഷനിലേക്കുള്ള അനുബന്ധ റോഡ്, സര്‍ക്കുലേഷന്‍ ഏരിയ എന്നിവയുടെ നിര്‍മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചതായും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായും എംപി പറഞ്ഞു.
ഡിആര്‍എം ദിവ്യകാന്ത് ചന്ദ്രകര്‍, പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ മന്ത്രിക്ക് നിവേദനം നല്‍കി.
Content Highlights: Union Minister George Kurien flags off the Guruvayoor-Madurai Express halt at Perinad station. Over ₹20,000 crore allocated for railway development in Kerala, including station upgrades and doubling projects.