ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ റോബോട്ടിക് ആന; ‘ഗുരുപുരം അർജുന’നെ 25-ന് നടയിരുത്തും

കാഞ്ഞങ്ങാട്: ഗുരുപുരം മഹാവിഷ്ണുക്ഷേത്ര ഭക്തകൂട്ടായ്മയുടെ ഒരു മോഹം കൂടി പൂവണിയുന്നു. ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന ചടങ്ങുകളിലും ഗജവീരന്റെ സാന്നിധ്യമുണ്ടാകും. ‘ഗുരുപുരം അർജുനൻ’ എന്ന റോബോട്ടിക് ആനയെ 25-ന് ഉത്രാടം നാളിൽ രാവിലെ 10-ന് ക്ഷേത്രത്തിലേക്ക് നടയിരുത്തുമെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഒറ്റനോട്ടത്തിൽ ജീവനുള്ള ആനയെന്നു തോന്നിക്കുന്ന 800 കിലോഗ്രാം ഭാരം വരുന്ന ‘ഗുരുപുരം അർജുന’ന്റെ പുറത്തിരുന്ന് നാലുപേർക്ക് സഞ്ചരിക്കാനാകും.
ഘടിപ്പിച്ച ചക്രത്തിന്റെ സഹായത്താലാണ് നടക്കുക. ജീവനുള്ള ആനയെപോലെ ചെവികൾ ആട്ടുകയും തുമ്പിക്കൈ ഉയർത്തുകയും ചെയ്യും. അഞ്ചുലക്ഷത്തോളം വിലവരുന്ന റോബോട്ടിക് ആനയെ മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘പെറ്റ് ഇന്ത്യ’ യും നടി റിച്ച ഛദ്ദയും ചേർന്നാണ് ക്ഷേത്രത്തിലേക്ക് നൽകുന്നത്. ക്ഷേത്രം തന്ത്രി ഇരവിൽ കൃഷ്ണദാസ് വാഴുന്നവർ ആനയെ നാമകരണം ചെയ്യും. തന്ത്രി മുൻകൈയെടുത്താണ് ആനയെ നടയിരുത്താനുള്ള ഒരുക്കങ്ങൾ നടത്തിയത്.
സംസ്ഥാന കൃഷിവകുപ്പിന്റെ ’കർഷക തിലകം’ പുരസ്കാരം നേടിയ സാവിത്രി കെ. മീങ്ങോത്തിനെ ’ചടങ്ങിൽ ആദരിക്കും. ജില്ലയിലെ അറിയപ്പെടുന്ന മേളപ്രമാണിമാരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും അരങ്ങേറും.
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം ഇപ്പോൾ നവീകരണത്തിന്റെ പാതയിലാണ്. 1500 പേരെ ഉൾക്കൊള്ളാവുന്ന ക്ഷേത്ര ഓഡിറ്റോറിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര നടപന്തൽ നിർമാണവും ഗ്രാനൈറ്റ് പാകലും നടന്നു കഴിഞ്ഞിട്ടുണ്ട്. ഉത്രാടദിനത്തിൽ രാവിലെ കാഴ്ചക്കുല സമർപ്പണം നടക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കുഞ്ഞിരാമൻ അയ്യങ്കാവ്, ഭാരവാഹികളായ കെ.കെ. റാം, വി. മാധവൻനായർ, ബാബു പാടി, പ്രിയേഷ്, സി. രാജീവൻ, ചന്ദ്രൻ ഗുരുപുരം, തമ്പാൻ ഗുരുപുരം, ഗിരിജ എന്നിവർ പങ്കെടുത്തു.
Content Highlights: Gurupuram Mahavishnu Temple in Kanhangad is getting a robotic elephant named 'Gurupuram Arjuna'., The 800 kg robotic elephant can carry four people and mimics real elephant movements., PETA India and actress Richa Chadha donated the robotic elephant, valued at around 5 lakh rupees., The dedication ceremony is scheduled for Uthradam day at 10 AM., Savithri K. Meengoth will be honored during the event for winning the state 'Karshaka Tilakam' award.