ഗുണ്ടൽപേട്ടിൽ ലോറിയിടിച്ച് കുടുംബത്തിലെ 3 പേർ മരിച്ചസംഭവം: അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

അപകടത്തിൽ മരിച്ചവർ
അപകടത്തിൽ മരിച്ചവർ

സുല്‍ത്താന്‍ബത്തേരി: ഗുണ്ടല്‍പേട്ടില്‍ ടോറസ് ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിക്കാനിടയായ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുണ്ടല്‍പേട്ട് ടൗണിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ വയനാട്‌ നെന്മേനി അമ്പുകുത്തി ഗോവിന്ദമൂല പാഴൂര്‍ വീട്ടില്‍ ധനേഷ് (38), ഭാര്യ അഞ്ജു (27), മകന്‍ ഇഷാന്‍ കൃഷ്ണ (ആറ്) എന്നിവരാണ് മരിച്ചത്. 

ഓണാവധിക്ക് കര്‍ണാടക ഗുണ്ടല്‍പേട്ടിലെ പൂപ്പാടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുടുംബം. ബത്തേരി ഭാഗത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് കരിങ്കല്ലുകയറ്റി വരുകയായിരുന്ന ടോറസ് ലോറി ബൈക്കിന്റെ പിന്നില്‍ ഇടിച്ചുകയറിയത്. ആഘാതത്തില്‍ ധനേഷ് റോഡിലേക്ക് തെറിച്ചുവീണു. അഞ്ജുവും മകന്‍ ഇഷാന്‍ കൃഷ്ണയും ബൈക്കും ലോറിക്കടിയില്‍ കുടുങ്ങിപ്പോയി. ഇവരെയും വലിച്ചുകൊണ്ട് 200 മീറ്ററോളം ദൂരം മുന്നോട്ടുപോയശേഷമാണ് ലോറി നിന്നത്. 

മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാളെ നാട്ടുകാര്‍ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. 

ഓണാവധിക്ക് വീട്ടിലെത്തിയ ധനേഷ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഭാര്യയും മകനുമായി ഗുണ്ടല്‍പേട്ടിലേക്ക് പോയത്. പാഴൂര്‍ വീട്ടില്‍ മോഹനന്റെയും വിലാസിനിയുടെയും മകനായ ധനേഷ് കേരളവിഷന്റെ എറണാകുളത്തെ ടെക്നിക്കല്‍ ജീവനക്കാരനാണ്. ദിലീഷ്, ജിനേഷ് എന്നിവര്‍ സഹോദരങ്ങളാണ്.

പൂതാടി തോണിക്കുഴിയില്‍ സത്യന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു. അജയ്, അതുല്യ എന്നിവര്‍ സഹോദരങ്ങളാണ്. കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഇഷാന്‍ കൃഷ്ണ.

Content Highlights: gundlupet accident 3 from wayanad including 6 year old child killed