ജിഎസ്ടി പരിഷ്കരണം: വിലക്കുറവ് പ്രാബല്ല്യത്തിൽവന്നോ ഇല്ലയോ?; ചെറുകിട കച്ചവടക്കാർക്കിടയിൽ വൻ കൺഫ്യൂഷൻ

കോഴിക്കോട്: ചരക്ക്-സേവനനികുതിയിൽ (ജിഎസ്ടി) തിങ്കളാഴ്ച മുതൽ പരിഷ്കരണങ്ങൾ പ്രാബല്ല്യത്തിലായെങ്കിലും ജില്ലയിലെ ചെറുകിട വ്യാപാരികൾക്കിടയിൽ സർവത്ര കൺഫ്യൂഷൻ. വിലക്കുറവ് പ്രാബല്ല്യത്തിൽ വന്നെന്നും ഇല്ലെന്നുംപറയാൻ പറ്റുമെന്ന അവസ്ഥയിലാണ് കടയുടമകൾ.
ഒട്ടേറെ സാധനങ്ങളുടെ വിലകുറയുന്നുണ്ടെങ്കിലും തിങ്കളാഴ്ച മിക്ക ചെറുകിട സ്ഥാപനങ്ങളുടെയും ബില്ലിൽ അത് പ്രതിഫലിച്ചിട്ടില്ല. ജിഎസ്ടി മാറ്റംവരുന്ന ശതമാനം വിലയിൽനിന്ന് കുറച്ചാണ് ഭൂരിഭാഗം കടകളിലും വിൽക്കുന്നത്. ഉത്പന്നങ്ങളുടെ നിർമാണ/വിതരണക്കമ്പനികളിൽ മിക്കതും ചെറുകിട കച്ചവടക്കാർക്ക് വിലവിവരംസംബന്ധിച്ച മാറ്റങ്ങൾ നൽകിവരുന്നതേയുള്ളൂ.
എന്നാൽ ജില്ലയിലെ വൻകിട ബ്രാൻഡ് ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും അധികം ഉത്പന്നങ്ങൾ ഇല്ലാത്ത കടകളിലും ഇതല്ല അവസ്ഥ. മിക്കയിടങ്ങളിലും ജിഎസ്ടി മാറ്റം ബില്ലിൽ പ്രതിഫലിച്ചുതുടങ്ങി. വൻകിട സൂപ്പർമാർക്കറ്റുകളിൽ ഓഫറുകളും കൂടെ നൽകുന്നതിനാൽ പലയിടത്തും പല വിലകളിലാണ് സാധനങ്ങൾ വിറ്റഴിക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ നാന്നൂറോളം ഉത്പന്നങ്ങളുടെ വിലയിലാണ് മാറ്റംവരുന്നത്. ഇതിനുള്ള ഒരുക്കം ദിവസങ്ങൾക്ക് മുമ്പേ ഇവർ ആരംഭിച്ചിരുന്നു.
പലചരക്ക് കടകളിലാണ് കൂടുതൽ ആശങ്കകൾ നിലനിൽക്കുന്നത്. കമ്പ്യൂട്ടറൈസ്ഡ് ബില്ലുകളുള്ള കടയിലും മാറ്റം വന്ന് തുടങ്ങുന്നതേയുള്ളൂ.
വിലകുറയുന്ന കാർഷിക ഉപകരണങ്ങളുടെ പുതുക്കിയ വിലയെക്കുറിച്ച് കോഴിക്കോട് നഗരത്തിലെ കടകൾക്കൊന്നും ധാരണയില്ല. ഉപകരണങ്ങൾ പ്രധാനമായും വിൽക്കുന്ന ചെറൂട്ടി റോഡിലെ റെയ്ഡ്‌കോയിൽ തിങ്കളാഴ്ച ബില്ലിങ് നടന്നില്ല. ഉത്പന്നങ്ങൾ വാങ്ങാനെത്തുന്നവർക്ക് വിലയിൽനിന്ന് ജിഎസ്ടി കുറയുന്ന ശതമാനം കുറച്ചാണ് ഇവരുംവിറ്റത്.
ആശങ്കനിലനിൽക്കുന്ന ചെറുകിട കച്ചവടക്കാർക്കിടയിൽ സംശയങ്ങൾ ദൂരീകരിക്കാൻ സർക്കാർ സംവിധാനത്തിന്റെ ഇടപെടലുകളുണ്ടാവണം എന്നതാണ് ആവശ്യം.
Content Highlights: New GST revisions cause confusion among small businesses in Kozhikode