സർക്കാർ അറിയാതെ ബാർ ലൈസൻസ് അനുവദിക്കില്ല, മുൻ സർക്കാരിന്റെ തെറ്റായ രീതി മാറ്റും, മദ്യനയം ഉടൻ -മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് എക്‌സൈസ് മന്ത്രിയോ സർക്കാരോ അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉദ്യോഗസ്ഥരെ നേരിട്ട് ബാർ ലൈസൻസുകൾ നൽകാൻ അനുവദിക്കില്ല. മുൻസർക്കാരിന്റെ കാലത്താണ് മന്ത്രി അറിയാതെ ഉദ്യോഗസ്ഥർക്ക് മാത്രം ബാർ ലൈസൻസ് നൽകാനുള്ള സൗകര്യം ഒരുക്കിവെച്ചത്. ഈ തെറ്റായ രീതി മാറ്റും. എക്‌സൈസ് കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മീഷണർക്കും സ്വന്തം നിലയിൽ ബാർ ലൈസൻസ് നൽകാൻ കഴിയുന്ന അവസ്ഥ നാടിന് വലിയ അപകടമാണ് ഉണ്ടാക്കുന്നത്. സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ വരുമെന്നും അതിനനുസരിച്ച് മാത്രമേ സംസ്ഥാനത്ത് ഇനി ബാറുകൾ അനുവദിക്കുകയുള്ളൂ അദ്ദേഹം കൂട്ടിച്ചേർത്തു.

'മന്ത്രി അറിയാതെതന്നെ ഉദ്യോഗസ്ഥന്മാർക്ക് ബാർ ലൈസൻസ് കൊടുക്കാനുള്ള സൗകര്യം കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ചെയ്തുവെച്ചു. ഇപ്പോഴും അത് തുടരുകയാണ്. അത് മാറ്റും. ഗവൺമെന്റ് അറിയാതെ ഒരു ബാറിനും ലൈസൻസ് കൊടുക്കില്ല. അങ്ങനെ കൊടുക്കാൻ പാടില്ല. ഗവൺമെന്റ് അറിയണം. ഗവൺമെന്റിന്റെ മദ്യനയം ഉടൻ വരും. അതനുസരിച്ചേ ബാർ കൊടുക്കാൻ പാടുള്ളൂ.' -മുഖ്യമന്ത്രി പറഞ്ഞു.

'കഴിഞ്ഞ സർക്കാരാണ് ബാർ കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയത്. അങ്ങനെയാണെങ്കിൽ എന്തായിരിക്കും ഇവിടെ സ്ഥിതി? നമുക്ക് അതിനകത്ത് ഒരു നിയന്ത്രണം വേണ്ടേ. മന്ത്രി പോലും അറിയാതെ ഡെപ്യൂട്ടി കമ്മീഷണർക്കും കമ്മീഷണർക്കും ബാർ കൊടുക്കാം എന്ന സാഹചര്യമുണ്ടായത് കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്താണ്. അത് മാറ്റും. ഗവൺമെന്റ് അറിഞ്ഞുകൊണ്ട് ചെയ്താൽ മതി.' -മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Chief Minister VD Satheesan announced that bar licences in Kerala will no longer be issued without government knowledge, ending the previous practice of officers granting permits, with a new liquor policy coming soon.