ഡി.എ കുടിശ്ശികയ്ക്ക് പിന്നാലെ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ സന്ദേശം; സ്പാർക്ക് ഡേറ്റ ചോർന്നോ?

#സ്വന്തം ലേഖകൻ
മുഖ്യമന്ത്രിയുടെ വാട്സാപ്പ് സന്ദേശം, പിണറായി വിജയൻ | Photo: Special Arrangement, Facebook/ Pinarayi Vijayan
മുഖ്യമന്ത്രിയുടെ വാട്സാപ്പ് സന്ദേശം, പിണറായി വിജയൻ | Photo: Special Arrangement, Facebook/ Pinarayi Vijayan

തിരുവനന്തപുരം: ഡി.എ. 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങിയതിനുപിന്നാലെ സർക്കാർ ജീവനക്കാരുടെ വാട്സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം വന്നതിനെച്ചൊല്ലി വിവാദം. ജീവനക്കാരുടെ സ്വകാര്യ ഫോൺനമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പളസോഫ്റ്റ്‌വേറായ സ്പാർക്കിൽനിന്നുള്ള ഡേറ്റാ ചോർത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷസർവീസ് സംഘടനകൾ ആരോപിച്ചു.

ജീവനക്കാരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ട്; വരുംനാളുകളിലും ഈ കരുതൽ തുടരുമെന്നുമായിരുന്നു സന്ദേശം.

ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായാണ് വ്യക്തിഗത ഫോൺനമ്പറും മറ്റുവിവരങ്ങൾ സ്പാർക്കിന് കൈമാറിയിട്ടുള്ളത്. സുരക്ഷിതമായി സൂക്ഷിച്ച വിവരങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിന് മേലുദ്യോഗസ്ഥർക്കും വേതനനിർണയ വിതരണ മേലധികാരികൾക്കും ധനവകുപ്പിലെ സ്പാർക്ക് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനും പി.എം.യുവിനും മാത്രമാണ് കൈകാര്യം ചെയ്യാനാവുക.

മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിവരങ്ങൾ എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജാഫർഖാനും ജനറൽ സെക്രട്ടറി എ.പി. സുനിലും ആവശ്യപ്പെട്ടു.

Content Highlights: Kerala Govt Employees Receive CM's Message Post DA Hike: Spark Data Breach Allegations Surface