'അമേരിക്കവരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്ത സംസ്ഥാനം, ആരോഗ്യമേഖലയിലെ പ്രശ്നം പർവതീകരിക്കുന്നു'

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ചെറിയ പ്രശ്നങ്ങൾ പർവതീകരിച്ച് വിചാരണ നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോഗ്യമേഖലയാകെ തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് യുഡിഎഫിന്റെ ശ്രമം. അതിനൊപ്പം മാധ്യമങ്ങളും ചേരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കപോലും വിറങ്ങലിച്ചുനിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച ലോകത്തെ ഒരു കേന്ദ്രമാണ് കേരളം. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് ഏതെങ്കിലും ഒരു മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമമോ മറ്റു പ്രശ്നങ്ങളോ വന്നാൽ അതോടുകൂടി കേരളത്തിലെ ജനകീയാരോഗ്യപ്രസ്ഥാനം തകർന്നുവെന്ന് പറയാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ കേരളത്തിലെ ജനകീയാരോഗ്യപ്രസ്ഥാനത്തെ ലോകംതന്നെ പ്രശംസിച്ചതാണ്. അതിലെവിടെയെങ്കിലും ചെറിയൊരു പ്രശ്നം ഉണ്ടാകുമ്പോൾ അത് പർവതീകരിച്ച് ആരോഗ്യമേഖലയ്ക്കെതിരേ തിരിയുകയാണ്. ഇത് പ്രത്യേകരീതിയിലുള്ള മാനസികാവസ്ഥയാണെന്നും ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫിൽ ടീമേ ഇല്ല. യുഡിഎഫിന് ടീം ഇല്ലാത്തതുകൊണ്ടാണ് മേയറും ക്യാപ്റ്റനും അടക്കം മിലിറ്ററിയിലെ മുഴുവൻ റാങ്കും ഓരോരുത്തർക്ക് കൊടുത്തിരിക്കുന്നത്. ടീം യുഡിഎഫ് ഇല്ല. അങ്ങനെ ആവാനും പറ്റില്ല. അവസാനംവരുമ്പോൾ ഉണ്ടാകുന്ന സംഘർഷാത്മകമായ സാഹചര്യം ഇപ്പോഴേ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കാണേണ്ടത്. അത് തിരഞ്ഞെടുപ്പ് വരുമ്പോൾ കാണാം, എം.വി. ഗോവിന്ദൻ പറഞ്ഞു.
Content Highlights: Kerala's Health Sector Under Scrutiny