'ജന്തർ മന്തറിൽ കണ്ടത് പ്രതീക്ഷ നൽകുന്ന ചിത്രമല്ല'; വിദ്യാർഥി സമരത്തിനെതിരെ ഗവർണർ RV ആർലേക്കർ

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥിസമരത്തെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ജന്തർ മന്തറിൽ കണ്ടത് പ്രതീക്ഷ നൽകുന്ന ചിത്രമല്ല എന്ന് അദ്ദേഹം പറഞ്ഞു. മാർ ബസേലിയോസ് കോളേജിന്റെ രജത ജൂബിലി ആഘോഷത്തിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യുന്നതിലോ ചോദ്യങ്ങൾ ചോദിക്കുന്നതിലോ തെറ്റില്ല. എന്നാൽ രാജ്യത്തെ നേതാക്കൾക്കെതിരെ തെരുവിൽ ഇറങ്ങി മോശം ഭാഷ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് ഗവർണർ ചോദിച്ചു. അടുത്ത തലമുറയിലെ വിദ്യാർഥികളുടെ സ്വഭാവവും വ്യക്തിത്വവും എന്താണെന്ന ചോദ്യം ഉയരുന്നുണ്ട്. വിദ്യാർഥികൾക്ക് സിലബസും പാഠ്യപദ്ധതിയും നൽകുക എന്നത് മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല. വിദ്യാർഥികൾക്ക് സംസ്‌കാരം കൂടി നൽകാൻ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്ററുകൾ ഉപയോഗിക്കുന്നത് വ്യക്തിത്വമില്ലായ്മയാണ്. സമരം നടത്തുന്നവർ മറ്റുള്ളവർക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇത്തരം മോശം രീതികൾ ഉപയോഗിക്കുന്ന ആളുകളെ തിരിച്ചും വിമർശിച്ചുകൂടേ എന്ന ചോദ്യം പ്രസക്തമാണെന്നും ആർലേക്കർ പറഞ്ഞു.
Content Highlights: Kerala Governor Rajendra Vishwanath Arlekar criticized student demonstrations at Jantar Mantar in Delhi, stating that using abusive language and offensive posters against leaders reflects a lack of culture and personality.