ഭാരതാംബ ചിത്രവിവാദം: വിദ്യാഭ്യാസമന്ത്രിയുടേത് പ്രോട്ടോക്കോൾ ലംഘനം- മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ

ഗവർണർ രാജേന്ദ്ര ആർലേക്കർ, വി. ശിവൻകുട്ടി, പിണറായി വിജയൻ | Photo: Mathrubhumi
ഗവർണർ രാജേന്ദ്ര ആർലേക്കർ, വി. ശിവൻകുട്ടി, പിണറായി വിജയൻ | Photo: Mathrubhumi

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പോരിനുറച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്തയച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചുവെന്നും കത്തില്‍ ഗവര്‍ണര്‍ ആരോപിച്ചു. വിഷയം ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചതിനാലാണ് കത്ത് അയക്കുന്നതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. 

ജൂണ്‍ 19-ന് രാജ്ഭവനില്‍  സംഘടിപ്പിച്ച 'ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്' രാജ്യപുരസ്‌കാരദാന വേദിയില്‍നിന്നാണ് അധ്യക്ഷത വഹിക്കേണ്ട വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയത്. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണറായിരുന്നു മുഖ്യാതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ ഭാരതാംബയ്ക്കുമുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. അവാര്‍ഡിനര്‍ഹരായ കുട്ടികളെ അഭിനന്ദിച്ചശേഷം, ഗവര്‍ണറുടെ തരംതാണ നടപടിയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണെന്ന് ശിവൻകുട്ടി പ്രഖ്യാപിക്കുകയായിരുന്നു. 

ജൂണ്‍ അഞ്ചാം തീയതി രാജ്ഭവനില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍നിന്ന് കൃഷിമന്ത്രി പി. പ്രസാദ് പിന്മാറിയതാണ് ഭാരതാംബ ചിത്ര വിവാദത്തിന് തിരികൊളുത്തിയത്. സര്‍ക്കാരിന്റെ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കൃഷിമന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം ഔദ്യോഗിക പരിപാടികളില്‍ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നുപറഞ്ഞ് മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, ഭാരതാംബ ഭാരതത്തിന്റെ വിഗ്രഹമാണെന്നും മാറ്റാനാവില്ലെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു.

ബുധനാഴ്ച കേരള യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയുടെ വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചതിനെതിരേ എസ്എഫ്‌ഐയും കെഎസ്‌യുവും രംഗത്തെത്തിയിരുന്നു. ചിത്രം നീക്കംചെയ്യണമെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാറും രംഗത്തെത്തി. ഗവര്‍ണര്‍ പരിപാടിക്ക് എത്തുന്നതിന് മുന്‍പേ വലിയ സംഘര്‍ഷമുണ്ടാകുകയും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

അതിനിടെ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുകയും ചെയ്തു. ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പുറത്ത് എസ്എഫ്‌ഐ പ്രതിഷേധിച്ചു. പരിപാടിക്ക് ശേഷം പ്രധാന ഗേറ്റ് ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് പോലീസ് ഗവര്‍ണറെ പുറത്തേക്ക് കൊണ്ടുപോയത്. 

Content Highlights: governor rajendra arlekar letter to chief minister over bharatmata photo controversy