സിസാ തോമസിനെയും കെ. ശിവപ്രസാദിനെയും താൽക്കാലിക വിസിമാരായി നിയമിച്ച് ഗവർണർ

തിരുവനന്തപുരം: സര്‍വകലാശാലകളിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെ മറികടന്ന് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ മുന്നോട്ട്. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസാ തോമസിനെയും കെടിയു സര്‍വകലാശാല വൈസ് ചാന്‍സലറായി കെ. ശിവപ്രസാദിനെയും വീണ്ടും നിയമിച്ചു. ആറുമാസത്തേക്കാണ് നിയമനം. വിജ്ഞാപനം രാജ്ഭവന്‍ പുറത്തിറക്കി.
സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും സ്ഥിരം വൈസ് ചാന്‍സലര്‍മാർ വരുന്നത് വരെ നിലവിലുള്ള താത്കാലിക വൈസ് ചാന്‍സലര്‍മാരെ പുനര്‍നിയമിച്ച് കൊണ്ട് ഗവര്‍ണര്‍ക്ക് ഉത്തരവിറക്കാമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
അതേസമയം, താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിക്കേണ്ടത് സാങ്കേതിക സര്‍വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റല്‍ സര്‍വകലാശാല ആക്ടിന്റെ 11 (10) വകുപ്പ് പ്രകാരവുമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ഉള്ളവരെ വീണ്ടും നിയമിക്കണമെങ്കില്‍ പോലും ഈ വകുപ്പ് ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് പാലിക്കേണ്ടി വരും. ഈ വകുപ്പുകള്‍ പ്രകാരം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് മാത്രമേ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനം നടത്താനാകു. ഫലത്തില്‍ ഇഷ്ടമുള്ള വ്യക്തിയെ ചാന്‍സലര്‍ക്ക് താത്കാലിക വൈസ് ചാന്‍സലര്‍ ആയി നിയമിക്കാനാകില്ല.
അതിനാൽ തന്നെ സിസാ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും നിയമിച്ചുകൊണ്ടുള്ള ഗവർണറുടെ നീക്കത്തോട് സർക്കാർ പ്രതികരണം എന്തായിരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
Content Highlights: governor rajendra arlekar appoints ciza thomas and k sivaprasad again