വിദ്യാർഥിരാഷ്ട്രീയം നിയന്ത്രിക്കൽ: ഗവർണർ ഹൈക്കോടതിയിലേക്ക്, വിസിമാർക്ക് നൽകിയ നിർദേശം അറിയിക്കും

#പി.കെ. മണികണ്ഠൻ
രാജേന്ദ്ര ആർലേകർ
രാജേന്ദ്ര ആർലേകർ

തിരുവനന്തപുരം: സർവകലാശാലകളിൽ വിദ്യാർഥിരാഷ്ട്രീയം നിയന്ത്രിക്കാനായി വൈസ് ചാൻസലർമാർക്കു നൽകിയ നിർദേശം ഗവർണർ രാജേന്ദ്ര ആർലേക്കർ ഹൈക്കോടതിയെ അറിയിക്കും. വിദ്യാർഥിരാഷ്ട്രീയം വിലക്കുന്നതിന് കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയുടെ ഹർജിയിൽ ഫെബ്രുവരി നാലിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ചാൻസലർ ഉൾപ്പെടെയുള്ള കക്ഷികളോട് അഭിപ്രായം തേടിയിട്ടുണ്ട്. സർവകലാശാലകളിൽ രാഷ്ട്രീയസംഘർഷങ്ങൾ തടയാൻ വിദ്യാർഥികൾക്ക് പെരുമാറ്റച്ചട്ടം വേണമെന്ന നിലപാടിലാണ് ഹൈക്കോടതി. ഇതിനായി എല്ലാ സിൻഡിക്കേറ്റുകളും നടപടിയെടുക്കാനാണ് നിർദേശം. എം.ജി. സർവകലാശാല 2005-ൽ പുറപ്പെടുവിച്ച പെരുമാറ്റച്ചട്ടം മാതൃകയാക്കാമെന്നും കോടതി നിരീക്ഷിച്ചു.

ഇത് എല്ലാ സർവകലാശാലകൾക്കും ബാധകമാക്കാമെന്ന് വ്യാഴാഴ്ച കൊച്ചിയിൽ വി.സി.മാരുടെ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നാവും കോടതിയെ ഗവർണർ അറിയിക്കുക. കേസ് നാലിന് വീണ്ടും പരിഗണിക്കും. ഇതനുസരിച്ച്, ഹൈക്കോടതി അന്തിമവിധി പുറപ്പെടുവിച്ചാൽ സർവകലാശാലകളിൽ വിദ്യാർഥിരാഷ്ട്രീയത്തിന് വിലങ്ങുവീഴും.

രാഷ്ട്രീയത്തിന് വിലങ്ങിട്ട എം.ജി. മോഡൽ

2005-ൽ എം.ജി. സർവകലാശാല പുറപ്പെടുവിച്ച പെരുമാറ്റച്ചട്ടപ്രകാരം പഠിപ്പുമുടക്ക്, മുദ്രാവാക്യംവിളി, ധർണ, പ്രകടനം, ഉപരോധം തുടങ്ങിയവയൊന്നും പാടില്ല. കാമ്പസിൽ ഇതൊക്കെ അച്ചടക്കലംഘനമായി കണക്കാക്കും. പിഴ, ടി.സി.നൽകി പറഞ്ഞുവിടൽ, പുറത്താക്കൽ എന്നിവയാണ് ശിക്ഷ. വസ്തുക്കൾ നശിപ്പിച്ചാൽ പിഴയും പോലീസ് നടപടിയും നേരിടേണ്ടിവരും. വിദ്യാർഥികളുടെ ആവലാതികൾ തീർപ്പാക്കാൻ പരാതിപരിഹാര സംവിധാനം രൂപവത്കരിക്കണമെന്നാണ് നിർദേശം.

ഗവർണറെ തെരുവിൽ തടയും- എസ്.എഫ്.ഐ.

സർവകലാശാലകളിൽ വിദ്യാർഥിരാഷ്ട്രീയം നിയന്ത്രിക്കാനുള്ള നീക്കം ചെറുക്കുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. ഭരണഘടനയെ നോക്കുകുത്തിയാക്കുന്നത് തുടർന്നാൽ ഗവർണറെ തെരുവിലിറങ്ങാൻ എസ്.എഫ്.ഐ. സമ്മതിക്കില്ലെന്നും സഞ്ജീവ് പറഞ്ഞു.

Content Highlights: Kerala Governor to inform High Court about directives to VCs to curb student politics. HC seeks views on a petition to ban political activities on campuses