ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

തിരുവനന്തപുരം: ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി. നേരത്തെ സർക്കാരും മുഖ്യമന്ത്രിയും അനുമതി തേടി രാജ്ഭവന് കൈമാറിയ ഫയലിലാണ് ഗവർണറുടെ ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഭരണകാലത്താണ് വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി സർക്കാർ രാജ്ഭവനെ സമീപിച്ചിരുന്നത്. എന്നാൽ, സ്ഥാനം ഒഴിയുന്നതുവരെ ഫയലിൽ തീരുമാനമെടുക്കാതെ, വിഷയം പഠിക്കുകയാണെന്ന നിലപാടിലായിരുന്നു മുൻ ഗവർണർ. തുടർന്ന് പുതിയ ഗവർണറായി ചുമതലയേറ്റ ഓംപ്രകാശ് മാത്തൂർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തു.
ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുൻ മന്ത്രി വി. അബ്ദുറഹ്മാനെ കേസിൽ ഔദ്യോഗികമായി പ്രതിചേർക്കാനും കൂടുതൽ ചോദ്യംചെയ്യൽ, അറസ്റ്റ് അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാനും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) സാധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ വി. അബ്ദുറഹ്മാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ, യു. ഷറഫലി, സി. സത്യപാലൻ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർക്കുന്നതിനാണ് അനുമതി തേടിയിരുന്നത്.
കേസിൽ ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതിയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) നിർദ്ദേശിച്ചിരുന്നെങ്കിലും, കൂടുതൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന്റെ പ്രോസിക്യൂഷൻ അനുമതി തേടിയത്.
മാനദണ്ഡങ്ങളും കൃത്യമായ നടപടിക്രമങ്ങളും ലംഘിച്ച് അനധികൃതമായി ടെൻഡർ നൽകി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് അനുവദിച്ചു, വകുപ്പുകളെ ഇരുട്ടിൽ നിർത്തി, ഔദ്യോഗിക പദവിയും സർക്കാർ രേഖകളും ദുരുപയോഗം ചെയ്തു തുടങ്ങി നിരവധി ഗുരുതരമായ വീഴ്ചകളാണ് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടൊപ്പം ജി.എസ്.ടി തട്ടിപ്പും കോടികളുടെ ക്രമക്കേടും നടന്നതായി എസ്.ഐ.ടി വിലയിരുത്തിയിട്ടുണ്ട്.
Content Highlights: Kerala Governor Om Prakash Mathur has granted prosecution sanction against former sports minister V Abdurahiman in connection with the football sponsorship scam case.