കാലിക്കറ്റ് സർവകലാശാല വി.സിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ; കടുത്ത നടപടിയിലേക്കെന്ന് സൂചന

ആരിഫ് മുഹമ്മദ് ഖാൻ | Photo: മാതൃഭൂമി
ആരിഫ് മുഹമ്മദ് ഖാൻ | Photo: മാതൃഭൂമി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ബാനറുകൾ നീക്കണമെന്ന നിർദേശം നടപ്പാക്കാത്തതിന്റെ പേരിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിനെ അതിഥിമന്ദിരത്തിലേക്ക് ഞായറാഴ്ച രാത്രി വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടി. സർവകലാശാല ഭരണം പരാജയമാണെന്നു പറഞ്ഞ് വൈസ് ചാൻസലറെ ഗവർണർ ശകാരിക്കുകയുംചെയ്തു.

വാക്കാലുള്ള വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഗവർണർ വി.സി.ക്കെതിരേ കടുത്ത നടപടിയിലേക്കു നീങ്ങുമെന്നും സൂചനയുണ്ട്. 24 മണിക്കൂറിനകം വിശദമായ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു.

ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും ഇതിനു നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി ആണെന്നും രാജ്ഭവന്‍ ആരോപിച്ചിരുന്നു. ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും സംഭവിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നില്ലെന്നും കേരളത്തിലെ ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നുമാണ് രാജ് ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Content Highlights: governor called calicut vice chancellor to demand explanation on sfi protest