കരുതലായി ഗവർണർ; തലകറങ്ങിവീണ വഴിയാത്രക്കാരനെ സഹായിക്കാൻ യാത്ര നിർത്തി റോഡിലിറങ്ങി ആർലേക്കർ

തിരുവനന്തപുരം: ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റോഡിൽ വീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ലോക്ഭവൻ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് തലകറങ്ങി റോഡിൽ വീണത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് അറിയുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ഏകദേശം 15 മിനിറ്റ് സ്ഥലത്ത് തുടരുകയും ആരോഗ്യനില അന്വേഷിക്കുകയും ചെയ്തു. ആവശ്യമായ സഹായങ്ങൾ നൽകാനും ഗിരീഷിനെ ആശുപത്രിയിലെത്തിക്കാനും ഗവർണർ തന്റെ സ്റ്റാഫിന് നിർദേശം നൽകി.
ഗവർണറുടെ ഒപ്പമുണ്ടായിരുന്ന സ്റ്റാഫ് ഗിരീഷിന് വെള്ളം നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തു. ഗിരീഷ് നൽകിയ ഫോൺ നമ്പറിൽ ഗവർണറുടെ സ്റ്റാഫ് ബന്ധപ്പെടുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. വെള്ളയമ്പലം ആൽതറ ദേവീക്ഷേത്രത്തിന് സമീപമാണ് ഗിരീഷിന്റെ വീട്. കുടുംബം ദൂരെയായിരുന്നതിനാൽ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല.
ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി. അടിയന്തര സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെ യാത്ര നിർത്തിവെച്ച് വഴിയാത്രക്കാരന് സഹായമെത്തിക്കാൻ ഗവർണർ നേരിട്ട് ഇടപെട്ടത് ശ്രദ്ധേയമായി.
Content Highlights: Kerala Governor Rajendra Vishwanath Arlekar halted his official convoy outside Lok Bhavan gate while heading to an Onam event to assist a local pedestrian, Girish, who collapsed on the road due to high blood sugar levels, arranging for his hospitalization and family notification.