എന്തോ ഒളിക്കാനുണ്ട്; മുഖ്യമന്ത്രിയുടെ കത്ത് പരസ്യമായി വായിച്ച് ഗവര്‍ണര്‍, 'പ്രശ്‌നം ശിവശങ്കറോ ?'

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ കത്തിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം വ്യക്തമാകുന്നില്ലെന്ന് ഗവർണർ പറഞ്ഞു. മാധ്യമങ്ങളുടെ മുമ്പിൽ മുഖ്യമന്ത്രിയുടെ കത്ത് പരസ്യമായി വായിച്ചായിരുന്നു ഗവർണറുടെ വിമർശനം.
'ഞാൻ വീണ്ടും പറയുന്നു. മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരാൻ കൂട്ടാക്കുന്നില്ലെന്ന് മാത്രമല്ല മറ്റുള്ളവരെ വരാൻ അനുവദിക്കുന്നുമില്ല. കാരണം അദ്ദേഹത്തിന് എന്തോ ഒളിക്കാനുണ്ട്. നമുക്കെല്ലാവർക്കും അറിയാം, മൂന്ന് വർഷം മുമ്പ് അദ്ദേഹത്തിന്റെ സ്വന്തം സെക്രട്ടറി സ്വർണക്കടത്തു കേസിൽ അറസ്റ്റിലായത്. സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ എന്താണ് അദ്ദേഹത്തെ പിടിച്ചുവെക്കുന്നത്'- ഗവർണർ ചോദിച്ചു.
'രാജ്യത്തിനെതിരായ കുറ്റകൃത്യം മറ്റൊരു വകുപ്പാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. ഇതൊരു സാധാരണ ക്രമസമാധാന പ്രശ്നമല്ല. സാധാരണമായി കൈകാര്യം ചെയ്യേണ്ട ഒന്നുമല്ല. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ട് ഹാജരാകാൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതുകൊണ്ട് ഉദ്യോഗസ്ഥരെ വിലക്കി'- ഗവർണർ പറഞ്ഞു.
ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക എന്ന മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും എന്നാൽ തന്റെ കത്തിന് മുഖ്യമന്ത്രി വിവരം നൽകാൻ തയ്യാറായില്ലെന്നു താൻ എന്താ ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: governor arif mohammad khan against pinarayi vijayan