ഇന്ധന സെസിലൂടെ കിട്ടിയത് 1751 കോടി; ലഭിച്ചത് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനുള്ള പത്തിലൊന്ന് തുക മാത്രം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ചുമത്തിയതിലൂടെ സംസ്ഥാനത്തിന് രണ്ടുവർഷം കിട്ടിയത് 1751.51 കോടി രൂപ. പ്രളയകാലത്തെ നഷ്ടം നേരിടാൻ ഏർപ്പെടുത്തിയ പ്രളയ സെസിലൂടെ ഇതുവരെ കിട്ടിയത് 2244.88 കോടിയാണ്.
2023-ലെ ബജറ്റിലാണ് ഇന്ധന സെസ് പ്രഖ്യാപിച്ചത്. 2023-24-ൽ 954.32 കോടി ലഭിച്ചു. 2024-25 സാമ്പത്തികവർഷം ജനുവരി 31-വരെ കിട്ടിയത് 797.19 കോടിയാണ്.
ക്ഷേമപെൻഷൻ നൽകുന്നതിന് പണംകണ്ടെത്താനാണ് സെസ് ഏർപ്പെടുത്തിയത്. എന്നാൽ, ഇതിന് വർഷം വേണ്ടത് 9,600 കോടിയാണെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇന്ധന സെസിൽനിന്ന് കിട്ടുന്നതാകട്ടെ ഇതിന്റെ പത്തിലൊന്നുമാത്രം.
2018-ലെ പ്രളയത്തിലുണ്ടായ നഷ്ടം നികത്താൻ 2019 ഓഗസ്റ്റ് ഒന്നുമുതൽ രണ്ടുവർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. സാധനങ്ങളുടെ വിലയിൽ ഒരുശതമാനമായിരുന്നു സെസ്. രണ്ടുവർഷത്തേക്ക് ഏർപ്പെടുത്തിയതാണെങ്കിലും ഇതിലും കുടിശ്ശിക വന്നു. പിരിച്ച സെസ് ഇനിയും സർക്കാരിലേക്ക് ഒടുക്കാൻ ശേഷിക്കുന്നവർക്കായി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: government gets over 1751 crore through fuel cess