ഏഴ് വയസില്‍ തുടങ്ങിയ മാന്ത്രിക യാത്ര അവസാനിപ്പിക്കുന്നു; മുതുകാടിന്റെ ആ തീരുമാനത്തിന് പിന്നിലെന്ത് ?

മജീഷ്യന്‍ മുതുകാട് പ്രൊഫഷണല്‍ മാജിക്കിനോട് വിടപറയുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ഭാവി യാത്രകള്‍ ഭിന്ന ശേഷിക്കാരായ കുട്ടികളൊടൊപ്പമെന്ന് വിശദീകരിക്കുകയാണ് മജീഷ്യന്‍ മുതുകാട്. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പിന്നിട്ട യാത്രകളേപ്പറ്റിയും ഭാവി സ്വപ്നങ്ങളേപ്പറ്റിയും വിശദീകരിക്കുകയാണ്.
ഇനിമുതല്‍ പ്രതിഫലം പറ്റുന്ന തരത്തില്‍ മാജിക് ഷോകള്‍ അവതരിപ്പിക്കില്ലെന്ന തീരുമാനം എടുത്ത് മാജിക് ആരാധകരെ ഞെട്ടിക്കാനുള്ള കാരണമെന്താണ്?
ഞാന്‍ ഏഴാമത്തെ വയസ് മുതല്‍ മാജിക് പഠിക്കാന്‍ തുടങ്ങിയ ഒരാളാണ്. 10-ാമത്തെ വയസിലാണ് ആദ്യത്തെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് 45 വയസുവരെ മാജിക്കിനെപ്പറ്റി മാത്രം ചിന്തിച്ച്, മാജിക്കിന്റെ ലോകം മാത്രമായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത്. ഒരു പിഎസ്സി ടെസ്റ്റ് എഴുതുകയോ മറ്റൊരു ജോലിക്ക് പോവുകയോ ചെയ്തിട്ടില്ല.
മാജിക്കിന്റെ ലോകത്തേക്ക് ഞാന്‍ വരുന്ന സമയത്ത് മാജിക് ഒക്കെയും തെരുവിലാണ് അവതരിപ്പിച്ചിരുന്നത്. വേദികളില്‍ മാജിക്ക് അത്ര പ്രചാരത്തിലല്ലാതിരുന്ന കാലമായിരുന്നു അത്. മാജിക് അവതരണത്തിനായി സ്റ്റേജുകള്‍ കിട്ടാനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് കൈപ്പുനീര് കുടിച്ചാണ് മാജിക്കിന്റെ കൂടെയുള്ള യാത്ര തുടര്‍ന്നത്.
മാജിക്കിനെ ഒരു കലയായി അംഗീകരിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. അക്കാലത്തൊക്കെ മാജിക്കിന് ഒരു ഷോ നടത്താനായി സ്റ്റേജ് കിട്ടാന്‍ ബുക്കിങ് ഏജന്‍സികളെ ഒക്കെ സമീപിക്കുമായിരുന്നു. വല്ല സ്കൂളിലോ പൂരപ്പറമ്പിലോ പോയി ചോദിക്ക് എന്നായിരുന്നു അന്നവര്‍ പറഞ്ഞിരുന്ന മറുപടി. മാജിക് അന്ന് പോപ്പുലറായൊരു കല ആയിരുന്നില്ല.
അതില്‍ നിന്നൊക്കെ ഒരു മാറ്റം കൊണ്ടുവരാനായി ഒരു ട്രൂപ്പുണ്ടാക്കി, ഷോയുടെ ഒരു സ്റ്റൈലുണ്ടാക്കി റൊമാന്റിക് മാജിക് ഷോ സെറ്റ് ചെയ്ത് 45 വര്‍ഷത്തോളം ഞാന്‍ മാജിക്കിന്റെ ലോകത്തായിരുന്നു. 54 രാജ്യങ്ങളില്‍ മാജിക് ഷോകള്‍ നടത്തി, 8000 ഷോകളോളം പലഭാഗത്തായി നടത്തി. പക്ഷെ കാസര്‍കോട് ഞാനൊരു പ്രോഗ്രാം ചെയ്യാനെത്തി. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച പദ്ധതിയായിരുന്നു അത്.
വേദിയുടെ കര്ട്ടന് ഉയര്‍ന്നപ്പോള്‍ ഞാന്‍ കാണുന്നത് പത്തും, ഇരുപതും വയസുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ താങ്ങിനിര്‍ത്തിയിരിക്കുന്ന അമ്മമാരെയാണ്. ആരുടെയും മുഖത്ത് ചിരിയൊന്നുമില്ല. കണ്ണുനീരുവറ്റിയ ഒരുപാട് മുഖങ്ങളാണ് അവിടെ കണ്ടത്. അതോടുകൂടി ഞാന്‍ ആകെ തകര്‍ന്നുപോയി.
അതിന് ശേഷം മറ്റ് ചില അനുഭവങ്ങള്‍ കൂടി ഉണ്ടായ പശ്ചാത്തലത്തില്‍ എനിക്ക് തോന്നി, മാജിക്കിന്റെ ലോകമെന്നത് വിനോദത്തിന്റേതാണ്. അത് അവരെ പഠിപ്പിക്കുന്നതിലൂടെ ഈ അമ്മമാരുടെ മുഖത്ത് കുറച്ച് ചിരിയെങ്കിലും നല്‍കുക എന്നതായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.
അങ്ങനെ അന്ന് മന്ത്രിയായിരുന്ന ശൈലജ ടീച്ചറിനെ പോയി കണ്ടു. 23 കുട്ടികളെ അങ്ങനെ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് മുഖനെ എന്നെ ഏല്‍പ്പിച്ചു. ആ കുട്ടികളിലാണ് ഇത് തുടങ്ങുന്നത്. അപ്പൊഴും എനിക്ക് അതുമാത്രമേ ലക്ഷ്യമുണ്ടായിരുന്നുള്ളു. പക്ഷെ മുഖ്യമന്ത്രിയും ഗവര്ണറുമൊക്കെയുള്ള വേദിയില്‍ ഇവര്‍ മാജിക്ക് പെര്‍ഫോം ചെയ്യുന്ന സാഹചര്യമുണ്ടായി.
അതിന് ശേഷം ഇവര്‍ക്ക് ജോലി നല്കി ശാക്തീകരിക്കിന് എംപവര്‍മെന്റ് പ്രോഗ്രാം വന്നു. അപ്പോഴാണ് ഈ കുട്ടികളുടെ ബൗദ്ധികമായ വളര്ച്ചയേപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ അന്വേഷണമുണ്ടാകുന്നത്. ഇങ്ങനെ മാജിക് പഠിച്ച കുട്ടികളുടെ ഐക്യു, ഇക്യു എന്നിവ ഉയര്‍ന്നതായുള്ള നിരീക്ഷണം വന്നു. അപ്പോള്‍ ഇതില്‍ മാത്രം എന്തിനാണ് നിര്‍ത്തുന്നത് എന്ന ചിന്തയാണ് പിന്നീടുണ്ടായത്.
ആദ്യം ഒന്നും സംസാരിക്കാതെ എവിടേക്കോ നോക്കി നിന്നിരുന്ന കുട്ടികള്‍ സ്വന്തമായി ചെറിയ സമ്പാദ്യം ഉണ്ടാക്കുന്ന തലത്തിലേക്ക് ഉയര്‍ന്നു. അതവരുടെ മാതാപിതാക്കളുടെ മനോഭാവത്തില്‍ മാറ്റം കൊണ്ടുവന്നു. അങ്ങനെ 100 കുട്ടികളെ കൂടി ഞങ്ങള്‍ ഏറ്റെടുത്തു. ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ തുടങ്ങി. പാട്ട്, നൃത്തം, ഉപകരണ സംഗീതം, ചിത്രം വര, മാജിക്, സിനിമ എന്നിവ ഇന്ന് വിവിധ സ്റ്റേജുകളില്‍ പ്രാക്ടീസ് ചെയ്യുകയാണ്.
ഇവരെ കാണാനായി മാജിക് പ്ലാനറ്റിലെത്തുന്ന ആളുകള്‍ വരുമ്പോള്‍ ആ കുട്ടികളില്‍ ഒരു മാറ്റം സംഭവിക്കുന്നു. വന്ന കുട്ടികളല്ല ഇപ്പോ എന്റെ പക്കല്‍ ഉള്ളത്. ഇവര്‍ക്ക് സ്റ്റൈപ്പന്‍ഡ് എന്നതലത്തില്‍ കുറച്ച് തുക ഞങ്ങള്‍ കൊടുക്കുന്നുണ്ട്. അതിനൊപ്പം അവരുടെ മാതാപിതാക്കള്‍ക്കും താമസം, ഭക്ഷണം എന്നിവ നല്‍കുന്നുണ്ട്. മാതാപിതാക്കളും കരയുന്നവരായിരുന്നു ആദ്യം. ഈ മണ്ണില്‍ ഒരുതുള്ളി കണ്ണീര് വീഴരുതെന്ന പറഞ്ഞ് അവര്‍ക്ക് വേണ്ടി കരിസ്മ എന്ന സൊസൈറ്റി തുടങ്ങി. കുറച്ച് തയ്യല്‍ മെഷിനും ഒക്കെ വാങ്ങി. അതുവഴി അവര്‍ക്കും വരുമാനം ലഭിക്കാന്‍ തുടങ്ങി. ഒരു വീട്ടില്‍ ഒരു പൂവിടരുന്നതുപോലെയുള്ള സന്തോഷമാണ് പിന്നീട് ഉണ്ടായത്.
അപ്പോള്‍ മുതല്‍ കുറച്ച് മാസങ്ങളായി ഞാന്‍ ആലോചിക്കുകയാണ് പ്രൊഫഷന് വേണോ അതോ ഇതുവേണോ എന്ന്. ഇവിടെ എന്റെ 100 ശതമാനം ശ്രദ്ധയും വേണം. ഞങ്ങള്‍ സഹയാത്ര എന്നൊരു പരിപാടി വെച്ച സമയത്ത് കേരളത്തിന്റെ പലഭാഗത്തുനിന്നും കുട്ടികളും മാതാപിതാക്കളും വന്നിരുന്നു. അവരൊക്കെ ഇത് കണ്ട് ഇപ്പോള്‍ ഓരോ ദിവസവും ഒരുപാട് ഫോണ്‍കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ കുട്ടിയെയും ഇവിടെ ചേര്‍ക്കണം എന്നാണ് അവരുടെ ആവശ്യം.
എല്ലാവര്ക്കും ഇവിടെ അതിനുള്ള അവസരം നല്കാന് സാധിക്കില്ല. കാരണം സാമ്പത്തിക ബാധ്യത ഒരുപാടുണ്ട്. ഇപ്പോളും വായ്പയെടുത്താണ് മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. ആ ഒരു ഘട്ടം വന്നപ്പോള്‍ ഇനിയും എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഞങ്ങള്‍ക്കുണ്ടായത്. 1800 അപേക്ഷകളാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്.
നിലവിലുള്ള കുട്ടികള്‍ക്ക് ജോലി കൊടുത്താല്‍ മാത്രമേ പുതിയ കുട്ടികളെ എടുക്കാന്‍ സാധിക്കു. അതിനായി യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ ഉണ്ടാക്കി. കണ്ണുകാണാത്തവര്ക്ക, കാത് കേള്‍ക്കാത്തവര്‍ക്ക് എന്നിങ്ങനെ വിവിധ ആര്‍ട്ട് മ്യൂസിയങ്ങളും പെര്‍ഫോമന്‍സ് കേന്ദ്രങ്ങളും ഒരുക്കി സ്പോര്‍ട്,് സെന്ററും സ്ഥാപിക്കുക എന്നൊക്കെയാണ് ആലോചന. പാരാലിമ്പിക്കിലേക്കൊക്കെ കുട്ടികളെ അയക്കാനുദ്ദേശിച്ചാണ് സ്പോര്‍ട്സ് സെന്റര്‍. ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍ എന്നാണ് അതിന് പേര്.
ഇതെല്ലാം കൂടി വന്നപ്പോള്‍ 100 ശതമാനവും ശ്രദ്ധയും ഇതിലേക്ക് വേണമെന്ന അവസ്ഥ വന്നു. കുറെ രാത്രികള്‍ അതേപ്പറ്റി ഞാന്‍ ആലോചിച്ചു. ആളുകളുടെ ആരവം, അതിനിടയില്‍ കൂടി നടക്കുക അത്തരമൊരു അന്തരീക്ഷം അത് നഷ്ടപ്പെടും. മാത്രമല്ല ഇത്രയും കാലം ഞാന്‍ കൊണ്ടുനടന്ന ഒരു ആര്‍ട്ടാണ്. പെര്‍ഫോം ചെയ്തുകൊണ്ടിരിക്കെ സ്റ്റേജില്‍ തന്നെ മരിച്ചുവീഴുക എന്നതാണ് എന്റെ സ്വപ്നമെന്നൊക്കെ ഞാന്‍ മുമ്പ് പറയുമായിരുന്നു.
അതില്‍നിന്നൊക്കെ മാറുന്നതിനേപ്പറ്റി പലതവണ ഞാന്‍ ആലോചിച്ചു. ഇപ്പോഴും ആ സംഘര്‍ഷമുണ്ട്. പിന്നെ ഞാന്‍ തീരുമാനമെടുത്തു. എന്റെ സാമ്പത്തികമായ നേട്ടവും സന്തോഷവും കാണികളില്‍ നിന്ന് ലഭിക്കുന്ന അനുഭൂതി ഇതൊക്കെയാണ് എനിക്ക് നഷ്ടപ്പെടുക. പക്ഷെ അതിലൂടെ ഒരുപാട് കുടുംബങ്ങളിലെ ചിരിയാണ് ഞാന്‍ നേടുന്നത്. ഒരുപാട് കുട്ടികളെ ചേര്‍ത്ത് പിടിക്കാനും ഒരുപാട് അമ്മമാരുടെ കണ്ണീരൊപ്പാനും ആലോചിച്ച് ഒടുവില്‍ ഈ തീരുമാനത്തിലെത്തി.
മാജിക് നിര്‍ത്തിയാല്‍ ഇനി?
മാജിക് എന്ന പ്രൊഫഷന് നിര്‍ത്താന്‍ തീരുമാനിച്ചു. ഇനി എനിക്ക് 100 ശതമാനവും ഇപ്പോഴത്തെ ഉത്തരവാദിത്തങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാനാകും. അതിനു ശേഷം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാവുന്ന ഒരു സര്‍വകവലാശാല ആയിട്ട് ഭിന്നശേഷി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു വലിയ പ്രസ്ഥാനമായിട്ട് ഇതിനെ മാറ്റുക എന്നതാണ് എന്റെ സ്വപ്നം.
മാജിക് പ്ലാനറ്റിന്റെയും അക്കാദമിയുടെയും ഭാവി?
മാജിക് പ്ലാനറ്റ് ഇനിയും ഇതുപോലെ തുടരും. കാരണം ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് സ്ട്രീറ്റ് മജീഷ്യന്മാരും മറ്റ് മജീഷ്യന്മാരുമൊക്കെയുണ്ട്. അവരൊക്കെ ഇതിനെക്കൊണ്ടാണ് വരുമാനമുണ്ടാക്കുന്നത്. മാത്രമല്ല ഒരുപാട് ആര്‍ട്ടിസ്റ്റുകളുമുണ്ട്. അവര്‍ക്കൊക്കെ വേണ്ടി മാജിക് പ്ലാനറ്റ് ഇതുപോലെ തന്നെ തുടരും. പക്ഷെ ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ മാത്രം കുറച്ചുകൂടി വിപുലമായ തലത്തിലേക്ക് കൊണ്ടുപോകും. മാത്രമല്ല മാജിക് അക്കാദമിയുടെ പ്രവര്‍ത്തനവും തുടരും. അതിന്റെ കോഴ്സും മറ്റുകാര്യങ്ങളും നിലവിലേതുപോലെ തന്നെ കൊണ്ടുപോകും.
പക്ഷെ ഞാനിനി പ്രൊഫഷണല്‍ രംഗത്ത് ഇല്ല. എന്ന് വച്ച് ഇനി മാജിക് കാണിക്കില്ല എന്നല്ല പറയുന്നത്. മാജിക്കിനെ എനിക്ക് മറക്കാന്‍ സാധിക്കില്ല. എവിടെയെങ്കിലും ഒക്കെ വെച്ച് ചെറിയ മാജിക് കാണിക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഇനി ഒരു ഷോമാന് എന്ന നിലയില്‍ ഞാനുണ്ടാകില്ല.
വലിയൊരു തീരുമാനമാണ്, വലിയ ബാധ്യതയുണ്ടാകുന്നതും, ധനസമാഹരണത്തിന് എന്തെങ്കിലും പദ്ധതികളുണ്ടോ? സര്‍ക്കാരിലേക്ക് നിര്‍ദ്ദേശം വല്ലതും കൊടുത്തിരുന്നോ?
അതേപ്പറ്റി ആലോചിച്ച് തുടങ്ങിയിട്ടില്ല. എനിക്ക് മാജിക് ഷോകള്‍ വഴി കിട്ടുന്ന വരുമാനത്തിലാണ് ഇതുവരെ കാര്യങ്ങള്‍ നടന്നുപോയിരുന്നത്. രണ്ടാമത് ഞാന്‍ എന്റെ സമ്പാദ്യം മുഴുവന്‍ ഇതിലേക്ക് കൊടുത്തുകഴിഞ്ഞു. ശരിക്കും പറഞ്ഞാല്‍ എന്റേതെന്ന് പറയാന്‍ ഇപ്പോള്‍ ഒന്നുമില്ല. പക്ഷെ ഏതെങ്കിലും വഴിക്ക് ഒക്കെ നടക്കുമെന്നാണ് എന്റെ വിശ്വാസം. കാരണം ഈ കുട്ടികളെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവരുടെയും അമ്മമാരുടെയും പ്രാര്‍ഥന നമ്മോടൊപ്പമുണ്ടാകുമല്ലോ. അതുകൊണ്ട് അത് സംഭവിച്ചിരിക്കും. സര്‍ക്കാരിലേക്ക് എല്ലാവര്‍ഷവും നിര്‍ദ്ദേശം നല്‍കാറുള്ളതാണ്. കഴിഞ്ഞവര്‍ഷം ഗ്രാന്‍ഡ് അനുവദിച്ചിരുന്നു. അതിതുവരെ കിട്ടിയിട്ടില്ല. അതിനായി ശ്രമിക്കുന്നുണ്ട്.
വീട്ടില്‍ നിന്നുള്ള പിന്തുണ?
വീട്ടില്‍ നിന്ന് പ്രശ്നങ്ങളൊന്നുമില്ല. ഞാനെടുക്കുന്ന തീരുമാനങ്ങള്‍ ശരിയായിരിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് എന്റെ ഭാര്യ. അതുകൊണ്ട് പ്രശ്നങ്ങളില്ല. പണ്ട് ഇതുപോലെ ആശയക്കുഴപ്പത്തിലായിരുന്ന ഒരു സമയമുണ്ടായിരുന്നു. നിലമ്പൂരിലെ കവളമുക്കട്ട എന്ന എന്റെ ഗ്രാമത്തില്‍ നിന്ന് മലയാറ്റൂര്‍ സാര്‍ പറഞ്ഞതനുസരിച്ച് തിരുവനന്തപുരത്തേക്ക് ചേക്കേറുന്ന നിമിഷം. ഇവിടെ വന്ന് പൂജപ്പുരയില്‍ എട്ട് സെന്റ് ഭൂമി വാങ്ങിയപ്പോള്‍ 16 ലക്ഷമായിരുന്നു എന്റെ കടം. ഒരുദിവസം മൂന്നും നാലും ഷോകള്‍ നടത്തിയാണ് ഞാനത് വീട്ടിയത്. അന്നും ഇതേ സംഘര്‍ഷങ്ങളാണ് ഞാന്‍ അനുഭവിച്ചത്.
പക്ഷെ അന്ന് മലയാറ്റൂര്‍ സാര്‍ പറഞ്ഞതായിരുന്നു ശരി. അതുകൊണ്ട് മാജിക് പ്ലാനറ്റും മാജിക് അക്കാദമിയുമൊക്കെ ഉണ്ടായി. അതുകൊണ്ടു തന്നെ ഇതും ഒരു ശരിയായ തീരുമാനമായിരിക്കും എന്നതാണ് എന്റെ പ്രതീക്ഷ.
മാജിക് പ്ലാനറ്റ് ഉണ്ടാക്കിയപ്പോള്‍ തന്നെ ഒരുപാട് കടമുണ്ടായിരുന്നു. കടം എന്റെ കൂടെയുള്ളതാണ്. പിന്നെ കടം വീട്ടാനായി വീട് വിറ്റു. അത്തരം സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എനിക്ക് പിന്നെ വലിയ ആര്ഭാടങ്ങളൊന്നും വേണമെന്ന ആവശ്യക്കാരനല്ല. ഇത്തിരി കഞ്ഞികിട്ടിയാല് കിടക്കാനൊരിടം കിട്ടിയാല്‍ അത്രയും മതിയെന്ന് കരുതുന്നൊരാള്‍. ജീവിതത്തേ പറ്റി വലിയ സ്വപ്നങ്ങളൊന്നുമില്ല.
പക്ഷെ ഈ കുട്ടികളേപ്പറ്റിയുള്ളതൊക്കെ എന്റെ വലിയ സ്വപ്നമാണ്. ഭിന്നശേഷി സമൂഹത്തോട് ആളുകള്കുണ്ടാകുന്ന സമീപനം മാറ്റുക, ഈ കുട്ടികളുടെ ബൗദ്ധികമായ ഉയര്‍ച്ച ഇതിനൊക്കെയുള്ള ഭീമമായ ശ്രമമാണ് നടത്താന്‍ പോകുന്നത്. അത് വിജയിക്കുമെന്നതാണ് എന്റെ പ്രതീക്ഷ.
Content Highlights: Gopinath Muthukad Magician Interview
Content Highlights: