ഗൂഗിൾമാപ്പ് ചതിച്ചു; വാഹനം തോട്ടിലേക്ക് വഴിതെറ്റി, യാത്രികർ രക്ഷപ്പെട്ടു

ഗൂഗിൾമാപ്പ് നോക്കിവരുന്നതിനിടെ കുറുപ്പന്തറ കടവിലെ തോട്ടിലേക്ക് മുൻഭാഗം ഇറങ്ങിപ്പോയ കാർ
ഗൂഗിൾമാപ്പ് നോക്കിവരുന്നതിനിടെ കുറുപ്പന്തറ കടവിലെ തോട്ടിലേക്ക് മുൻഭാഗം ഇറങ്ങിപ്പോയ കാർ

കടുത്തുരുത്തി: ഗൂഗിൾമാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലക്ട്രിക് കാർ കുറുപ്പന്തറ കടവിലെ തോട്ടിലേക്ക് വഴിതെറ്റിയിറങ്ങിയെങ്കിലും, യാത്രികർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. തോട്ടിലെ ആഴമേറിയ ഭാഗത്തേക്ക് കാറിന്റെ മുൻഭാഗം വീഴാൻപോകുന്നതിനിടെ, പെട്ടെന്ന് ഡ്രൈവർ വാഹനം നിർത്തിയതാണ് അപകടം ഒഴിവാകാനിടയായത്.

പത്തനംതിട്ട സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച കാറാണ് രക്ഷപ്പെട്ടത്. സംഭവംകണ്ട് ഓടിക്കൂടിയ പരിസരവാസികളാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറങ്ങാൻ സഹായിച്ചത്.

സമീപത്തുള്ള വ്യക്തിയുടെ ക്രെയിൻ കൊണ്ടുവന്ന് വാഹനം ഇവിടെനിന്ന്‌ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ബുധനാഴ്ച പകൽ 11.15-ഓടെ കനത്തമഴയത്തായിരുന്നു സംഭവം. കുറുപ്പന്തറ ഭാഗത്തുനിന്ന്‌ ഗൂഗിൾമാപ്പ് നോക്കി വരുന്നതിനിടെ വാഹനം വളവ് തിരിയുന്നതിനുപകരം നേരേ കടവിലേക്ക് പോയി.

തോട്ടിലേക്കിറങ്ങുന്ന വഴിയിൽ കെട്ടിനിന്ന വെള്ളം, മുന്നോട്ട് നീങ്ങുന്നതിനിടെ കാറിൽ കയറി. ഉടൻ കാർയാത്രികർ വാതിൽ തുറന്ന് പുറത്തിറങ്ങി. ഒന്നരയടികൂടി മുന്നോട്ട് പോയിരുന്നെങ്കിൽ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കുവീണ് വൻഅപകടം സംഭവിക്കുമായിരുന്നു. മാൻവെട്ടം ഭാഗത്തേക്ക് ഭൂമി വാങ്ങുന്നതിനുള്ള കാര്യങ്ങൾക്കായി പോകുന്നവരായിരുന്നു കാറിലുണ്ടായിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഇവർ പിന്നീട് മറ്റൊരു കാറിൽ യാത്രതുടർന്നു.

മുമ്പും അപകടം

മഴക്കാലത്ത് ഇവിടെ റോഡിൽ എപ്പോഴും വെള്ളക്കെട്ടാണ്. ഇതുമൂലം പലപ്പോഴും റോഡ് തിരിച്ചറിയാനാകാത്തത് അപകടകാരണമാകാറുണ്ട്. കുറുപ്പന്തറ കടവിൽ ഗൂഗിൾമാപ്പ് നോക്കിവരുന്ന വാഹനങ്ങൾ അപകടങ്ങളിൽപ്പെട്ടിട്ടുള്ള സംഭവങ്ങൾ നിരവധിയാണ്.

കുറുപ്പന്തറ കടവിൽ ദിശതെറ്റി വാഹനങ്ങൾ തോട്ടിലേക്ക് പോകാതിരിക്കാൻ ഈ ഭാഗത്ത് സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഗൂഗിൾമാപ്പ് നോക്കി ഡ്രൈവ് ചെയ്യുന്നവർ ഇത് ശ്രദ്ധിക്കാതിരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.

Content Highlights: Two passengers narrowly escaped after their car, guided by Google Maps, plunged into a canal