പവൻവില ഒരുലക്ഷത്തിന് താഴേക്കോ? സ്വർണവില കുത്തനെ ഇടിയുന്നു, ഏഴുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | സ്വർണം | Photo: AFP
പ്രതീകാത്മകചിത്രം | സ്വർണം | Photo: AFP

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ശനിയാഴ്ച ഏഴുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തി. പവന് 2,480 രൂപ ഇടിഞ്ഞ് 1,01,840 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയുമായി. രണ്ടുദിവസംകൊണ്ട് പവൻവില 3,720 രൂപ ഇടിഞ്ഞു. വില കുറയുന്നത് തുടർന്നാൽ, പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെ പോകാൻ 1,481 രൂപയുടെ ഇടിവുകൂടി മതിയാകും.

വരും ദിവസങ്ങളിൽ ഈ നിലയിലേക്ക് വിലയിടിയുമോ എന്നാണ് ഉപഭോക്താക്കൾ കാത്തിരിക്കുന്നത്. ഇതിന് മുൻപ് 2026 മാർച്ച് 23-നാണ് പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെപ്പോയത് (99,480 രൂപ). എന്നാൽ അന്നേദിവസംതന്നെ വില തിരിച്ചുകയറി 1,05,080 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തരവിപണിയിലും പ്രകടമാകുന്നത്.

ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 3,874 ഡോളറിലേക്ക് വില ഇടിഞ്ഞു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കണക്കാക്കി നിക്ഷേപകർ ലാഭമെടുക്കലിലേക്ക് കടക്കുന്നതാണ് സ്വർണവിലയിൽ തിരിച്ചടിയായത്. പശ്ചിമേഷ്യൻ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതും വിലയെ പ്രതികൂലമായി ബാധിക്കുന്നു. അതേസമയം, വെള്ളിവിലയിലും മാറ്റമുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 200 രൂപയിലെത്തി.

Content Highlights: Gold prices in Kerala dropped by Rs 2,480 to Rs 1,01,840 per sovereign., Prices hit a seven-month low, with gram rate falling to Rs 12,730., International gold prices fell to $3,874 per troy ounce due to US Federal Reserve rate hike expectations., Silver prices also decreased by Rs 10 to Rs 200 per gram.