സ്വർണവില കുത്തനെ വീഴുമോ? അന്താരാഷ്ട്ര വില 4,000 ഡോളറിന് താഴേക്ക്

കൊച്ചി: അന്താരാഷ്ട്രവിപണിയിൽ സ്വർണവിലയ്ക്ക് കനത്ത ഇടിവുണ്ടായതോടെ വരുംദിവസങ്ങളിലും ഇതിന്റെ തുടർച്ചയുണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില വെള്ളിയാഴ്ച 3,979 ഡോളറിലേക്ക് താഴ്ന്നു. ഒക്ടോബർ 23-ന് 3,990 ഡോളർവരെ വിലയിടിഞ്ഞെങ്കിലും തുടർന്ന് തിരിച്ചുകയറിയിരുന്നു.
2013-ലെ തകർച്ച
സാമ്പത്തിക ഉത്തേജന നടപടികൾ കുറയ്ക്കുമെന്ന സൂചന 2013-ൽ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നൽകിയിരുന്നു. ഇതുകൂടാതെ ഡോളർ ശക്തിപ്പെട്ടതും നിക്ഷേപകർ സ്വർണത്തിൽനിന്ന് പിന്മാറിയതും അടക്കമുള്ള ഘടകങ്ങളാൽ ആ വർഷം സ്വർണത്തിന്റെ അന്താരാഷ്ട്ര വില ഏകദേശം 30 ശതമാനം കൂപ്പുകുത്തി. ഔൺസിന് 1,180 ഡോളർവരെ വിലയെത്തി.
യു.എസ്. നിക്ഷേപ സ്ഥാപനം ഇടപാടുകാരോട് സ്വർണം 'ഷോർട്ട് സെൽ' ചെയ്യാൻ നിർദേശിച്ചതും യൂറോപ്യൻ രാജ്യമായ സൈപ്രസിനോട് കരുതൽ ശേഖരത്തിലുള്ള സ്വർണം വിറ്റ് കടം വീട്ടാൻ യൂറോപ്യൻ യൂണിയനും ഐ.എം.എഫും ആവശ്യപ്പെട്ടതും വീഴ്ചയുടെ ആക്കം കൂട്ടി.
തകർച്ച ആവർത്തിക്കുമോ?
വിലയിൽ മാറ്റമുണ്ടാകുമെങ്കിലും 2013-ന് സമാനമായ ഇടിവിലേക്ക് സ്വർണവില പോകാൻ സാധ്യതയില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. നിക്ഷേപകരുടെ ലാഭമെടുക്കൽ, ഡോളറിലും ബോണ്ടിലുമുള്ള നിക്ഷേപങ്ങളുടെ ആദായത്തിലുണ്ടായ വർധന, ഡിസംബറിലെ പണനയയോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത എന്നിവയാണ് നിലവിൽ സ്വർണത്തിന് തിരിച്ചടിയാകുന്നത്. പലിശനിരക്ക് സംബന്ധിച്ച ആശങ്കകൾ കുറയുകയും ഡോളർ ദുർബലമാകുകയും ചെയ്താൽ സ്വർണവിലയിൽ തിരിച്ചുകയറ്റം ഉണ്ടാകാം. ഫെഡറൽ റിസർവിന്റെ നയങ്ങളെ സ്വാധീനിക്കുന്നതിനാൽ ക്രൂഡ് വിപണിയിലെ മാറ്റങ്ങളും പ്രധാനമാണ്.
ജൂവലറികൾക്കുള്ള വെല്ലുവിളികൾ
വിലയിടിവ് സ്വർണവ്യാപാര മേഖലയ്ക്ക് ഒരേസമയം അവസരവും വെല്ലുവിളിയുമാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ.) ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ പറഞ്ഞു. കുറഞ്ഞ വില ഉപഭോക്താക്കളെ വിപണിയിലേക്ക് തിരിച്ചെത്തിച്ചാൽ വിൽപ്പന ഉയരും. എന്നാൽ വില വീണ്ടും താഴുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവെച്ചാൽ വ്യാപാരം മന്ദഗതിയിലാകാനും സാധ്യതയുണ്ട്.
പവന് 1,240 രൂപ കുറഞ്ഞു
കൊച്ചി: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിട്ടും സ്വർണവിലയിൽ തകർച്ച. വെള്ളിയാഴ്ച പവന് 1,240 രൂപ കുറഞ്ഞ് 1,04,320 രൂപയിലെത്തി. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,040 രൂപയുമായി. ജൂലായ് മാസത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഡിസംബറിൽ പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ഫെഡറൽ റിസർവിന്റെ സൂചനയാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്. സൗദിഅറേബ്യയിലെ ഹൂതി ആക്രമണം മൂലം ക്രൂഡ് ഓയിൽ വിലവർധനയും സ്വർണത്തിന് പ്രതികൂലമാണ്. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരേ യു.എസിന്റെ സൈനികനീക്കമുണ്ടാകുമെന്ന വാർത്തയും കഴിഞ്ഞദിവസം പുറത്തുവന്നു. അങ്ങനെയെങ്കിൽ ക്രൂഡ് വിലയ്ക്ക് വീണ്ടും തീപിടിക്കും. ഈ സാധ്യതകളെല്ലാം കണക്കാക്കിയുള്ള ഇടിവാണ് സ്വർണത്തിനുണ്ടായത്.
Content Highlights: International gold price drops below $4,000 per troy ounce., Gold price in Kochi decreased by Rs 1,240 per sovereign to Rs 1,04,320., Federal Reserve rate hike expectations and crude oil price changes are driving the decline., Jewelry businesses face mixed reactions with potential buying delays from customers.