സ്വർണവില കുതിക്കുന്നതിനൊപ്പം വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടി; ഒരുവർഷത്തിനിടെ 125% വളർച്ച

#ന്യൂസ് ഡെസ്ക്
.
.

മുംബൈ: സ്വർണവിലയ്ക്കൊപ്പം ബാങ്കുകളിലെ സ്വർണപ്പണയവായ്പകളും കുതിക്കുന്നു. സ്വർണം ഈടായുള്ള വായ്പകളിൽ ഒരുവർഷത്തിനിടെ 125 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2025 നവംബർവരെയുള്ള ആർബിഐ കണക്കനുസരിച്ച് 3.5 ലക്ഷം കോടി രൂപയുടെ സ്വർണപ്പണയവായ്പകളാണ് ബാങ്കുകളിൽ നിലവിലുള്ളത്. 2023 നവംബറിൽ ബാങ്കുകളിലെ സ്വർണപ്പണയവായ്പകളുടെ മൂല്യം 898 കോടി രൂപ മാത്രമായിരുന്നു. 2024 നവംബറിലിത് 1.59 ലക്ഷം കോടിയായി കുതിച്ചുയർന്നു.

സ്വർണത്തിന്റെ വില കുത്തനെ ഉയർന്നതോടെ സ്വർണം ഈടായുള്ള വായ്പകളിലെ തുകയിലും വലിയ വർധനയുണ്ടായിട്ടുണ്ട്. കൂടുതൽ സുരക്ഷിതമെന്ന നിലയിൽ ബാങ്കുകളും സ്വർണപ്പണയവായ്പകൾക്ക് മുൻഗണന നൽകുന്നുണ്ട്. സ്വർണപ്പണയ വായ്പയിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ ബാങ്കുകൾ മറികടന്നതും 2025-ലെ പ്രത്യേകതയാണ്. സ്വർണവായ്പാ വിഭാഗത്തിൽ ഘടനാപരമായ വലിയമാറ്റമാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സ്വർണപ്പണയവായ്പയാണ് ബാങ്കുകളിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയത്. ആറുമാസത്തിനിടെ വളർച്ച ഇരട്ടിയായി. 2025-ൽ സ്വർണവിലയിൽ 64 ശതമാനം വർധനയുണ്ടായി. 24 കാരറ്റിന്റെ പത്തു ഗ്രാം സ്വർണത്തിന് 1.35 ലക്ഷം രൂപവരെയെത്തി.

അത്യാവശ്യക്കാർക്ക് വേഗത്തിലും എളുപ്പത്തിലും വായ്പ ലഭിക്കുമെന്നതാണ് സ്വർണപ്പണയവായ്പകളെ ഗാർഹികമേഖലയിലും ചെറുസംരംഭകർക്കിടയിലും പ്രിയങ്കരമാക്കുന്നത്. സ്വർണവില ഉയർന്നതോടെ കൂടുതൽ തുക വായ്പയായി ലഭിക്കുന്നെന്നതും കൂടുതൽപ്പേർ സ്വർണപ്പണയത്തെ ആശ്രയിക്കാൻ കാരണമായി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഏകദേശം മൂന്നുലക്ഷം കോടി രൂയുടെ സ്വർണപ്പണയ വായ്പകളാണ് ആകെയുള്ളത്.

2025-ൽ വാഹനവായ്പയിൽ 11 ശതമാനം വളർച്ചയുണ്ടായി. വർഷാവസാനം ജിഎസ്‌ടി പരിഷ്കരണത്തോടനുബന്ധിച്ച് വാഹനവിൽപ്പന ഉയർന്നതാണ് വാഹനവായ്പകളുടെ വളർച്ചാവേഗം കൂട്ടിയത്. രാജ്യത്തെ വാഹന വായ്പകൾ 6.8 ലക്ഷം കോടി രൂപയുടേതാണ്. അതേസമയം, ഉപഭോക്തൃ ഉത്പന്ന വായ്പകളിൽ കുറവുണ്ടായതായി ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നു. വ്യക്തിഗത വായ്പാവളർച്ച 12.7 ശതമാനം, വാണിജ്യ റിയൽ എസ്റ്റേറ്റ് വായ്പകളുടെ വളർച്ച 12.5 ശതമാനം എന്നിങ്ങനെയാണ്. ഭവനമേഖലയിലെ വായ്പകളിൽ 9.8 ശതമാനം വളർച്ചയുണ്ടായി. ആകെ 31.9 ലക്ഷം കോടി രൂപയുടെ ഭവനവായ്പകളാണ് നവംബർവരെ രാജ്യത്തുള്ളത്.

Content Highlights: Gold Loan Surge: Banks Witness 125% Growth Amidst Soaring Gold Prices