ഗോഡ്സെയ്ക്ക് ബന്ധം കമ്മ്യൂണിസ്റ്റുകാരുമായി, ചരിത്രം അവരോട് ചോദിച്ചാല്‍ മതി- പി.കെ. കൃഷ്ണദാസ്

പികെ കൃഷ്ണദാസ് | ഫോട്ടോ: മാതൃഭൂമി
പികെ കൃഷ്ണദാസ് | ഫോട്ടോ: മാതൃഭൂമി

കണ്ണൂര്‍: കണ്ണൂര്‍: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയ്ക്ക് ബന്ധം കമ്മ്യൂണിസ്റ്റുകാരോട് ആയിരുന്നെന്ന വാദവുമായി ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. അതിനാല്‍ ഗോഡ്സെയുടെ ചരിത്രം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും പി.കെ. കൃഷ്ണദാസ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗോഡ്‌സെയ്ക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്ട്രീയപ്പാര്‍ട്ടിയുടെ തലപ്പത്ത് ഉണ്ടായിരുന്ന ആളുകള്‍ക്കൊക്കെ ഞങ്ങളുമായല്ല ബന്ധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ്. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കും. ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ എന്‍.സി ചാറ്റര്‍ജിയായിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബ പശ്ചാത്തലം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമായിരുന്നു. 

എന്‍.സി ചാറ്റര്‍ജിയും സോമനാഥ് ചാറ്റര്‍ജിയുമെല്ലാം കമ്മ്യൂണിസ്റ്റ് പശ്ചാത്തമുള്ളവരാണ്. ഹിന്ദു മഹാസഭയില്‍ നിന്നുകൊണ്ട് തന്നെയാണ് എന്‍.സി ചാറ്റര്‍ജി ഇടതുപക്ഷ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതും ജയിക്കുന്നതും. സോമനാഥ് ചാറ്റര്‍ജി പിന്നീട് കമ്മ്യൂണിസ്റ്റുകാരനായിട്ടുണ്ടാകാം. അക്കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. 

അതുകൊണ്ട് ഗോഡ്‌സെയുടെ ചരിത്രമെല്ലാം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതി. മഹാത്മാ ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടത് നെഹ്‌റുവിന്റെ ഭാരതത്തിലല്ലെന്നും നരേന്ദ്ര മോദിയുടെ ഭാരതത്തിലാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Content Highlights: Nathuram Godse, PK Krishna Das, BJP

Content Highlights: