ഗോഡ്സെ അനുകൂല കമന്റ്; അധ്യാപികയ്‌ക്കെതിരെ പരാതിയുമായി സംഘടനകള്‍, നടപടി വേണമെന്ന് എം.കെ രാഘവന്‍ MP

#സ്വന്തം ലേഖിക
ഷൈജ ആണ്ടവന്‍
ഷൈജ ആണ്ടവന്‍

കോഴിക്കോട്: ഗോഡ്‌സെ അനുകൂല കമന്റിട്ട എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ പരാതി നല്‍കി വിവിധ സംഘടനകള്‍. കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി വൈശാഖും എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പോലീസ് സ്റ്റേഷനില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജും പരാതി നല്‍കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഡി.വൈ.എഫ്.ഐ.യും പ്രൊഫസര്‍ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

അധ്യാപികയുടെ പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് എസ്.എഫ്.ഐ പ്രസിഡന്റ് പി.എം. അര്‍ഷോ പറഞ്ഞു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാറിന് അനുകൂലമായി ചിന്തിക്കുന്ന ഒരുപറ്റം തലച്ചോറുകളെ സൃഷ്ടിക്കാനുള്ള ഫാക്ടറിയാക്കി മാറ്റുക എന്ന സംഘപരിവാര്‍ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നയാളുകളാണ് ഇത്തരം മനസ്ഥിതിയുമായി മുന്നോട്ട് പോകുന്നത്. അവരെ പൊതുസമൂഹം തള്ളിക്കളയണം. എന്‍.ഐ.ടി.യില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ പരാതി പരിഗണിക്കുന്നത് വിവാദ പോസ്റ്റ് ഇട്ട അധ്യാപിക അധ്യക്ഷ ആയ കമ്മിറ്റിയാണ്. രാഷ്ട്രീയപരമായും നിയമപരമായും ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ മുന്നോട്ട് പോകുമെന്നും ആര്‍ഷോ വ്യക്തമാക്കി. 

ഗോഡ്‌സെ അനുകൂല പോസ്റ്റിട്ട എന്‍.ഐ.ടി അധ്യാപിക ഷൈജ അണ്ടവനെത്തിരെ നടപടി വേണമെന്ന് എം.കെ. രാഘവന്‍ എം.പിയും ആവശ്യപ്പെട്ടു. എന്റെ മണ്ഡലത്തിലെ  പ്രധാനപ്പെട്ട സ്ഥാപനമായ എന്‍.ഐ.ടിയിലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ ഗോഡ്‌സെയുടെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചുക്കൊണ്ട് മഹാത്മാ ഗാന്ധിക്കെതിരെ ഇങ്ങനെയൊരു പോസ്റ്റിട്ടത് കണ്ടപ്പോള്‍ നാണക്കേടു തോന്നി. ബന്ധപ്പെട്ട അധികൃതര്‍ മാതൃകാപരമായ നടപടി സ്വീകരിക്കണം', അദ്ദേഹം എക്‌സില്‍ കുറിച്ചു. 

ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്നയാള്‍  പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം പ്രഫസര്‍ ഷൈജ ആണ്ടവന്‍ 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ' എന്ന് കമന്റ് ഇട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഷൈജ ആണ്ടവന്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. 

Content Highlights: godse support comment; complaint against professor filed by SFI, MSF and KSU