ആഗോള അയ്യപ്പസംഗമമല്ല, നടന്നത് ആഗോള പിണറായി ഉത്സവം - ഒ.ജെ. ജനീഷ്

പാലക്കാട്: ആഗോള അയ്യപ്പസംഗമമല്ല, ആഗോള പിണറായി ഉത്സവമാണ് സർക്കാർ നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷിന്റെ നേതൃത്വത്തിൽ 13 ദിവസമായി നടന്ന യുവജന ജില്ലാപദയാത്രയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ആഗോള അയ്യപ്പസംഗമത്തിലും വൻകൊള്ള നടന്നുവെന്നതിന്റെ കണക്കുകളാണ് പുറത്തുവരുന്നത്. കട്ടിലിന് പോലും ലക്ഷങ്ങളാണ് ധൂർത്തടിച്ചത്. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ അയ്യപ്പന്റെ പേരിൽ കൊള്ള നടത്തിയവരെ ജയിലിലാക്കും. ജയിലിലെ വർധിപ്പിച്ച കൂലി വാങ്ങാൻ ആർക്കെല്ലാം യോഗമുണ്ടാകുമെന്നേ നോക്കാനുള്ളൂ.
പിണറായി പ്രതിസന്ധിയിലാവുമ്പോഴെല്ലാം പ്രതിരോധിക്കാൻ വർഗീയ സ്റ്റോക്കുകൾ ഇറക്കുന്നയാളാണ് എ.കെ. ബാലൻ. പേരിൽമാത്രമാണ് ബാലനെന്നും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽ വളരെ മുതിർന്നയാളാണെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.
Content Highlights: Youth Congress leader O.J. Jinesh alleges the Global Ayyappa Sangamam was a `Global Pinarayi Festival` marked by corruption, promising action if UDF wins.