‘കുതിരയെ കാറിൽ കൊണ്ടുവന്നെന്ന കണക്ക്‌പോലെ,അയ്യപ്പന്റെ പേരിൽ വേണമായിരുന്നോ മുഖ്യമന്ത്രി ഈ തട്ടിപ്പ്’

#ന്യൂസ് ഡെസ്ക്
വി.ഡി.സതീശന്‍
വി.ഡി.സതീശന്‍

മലപ്പുറം:ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയുടെ തുടർച്ചയാണ് ഹൈക്കോടതി നിരീക്ഷണത്തിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിലും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രത്യേകമായി കണക്ക് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിരന്തരമായി ആവശ്യപ്പെട്ടിട്ടും കോടികളുടെ കൊള്ളയാണ് നടന്നത്. തട്ടിപ്പ് പുറത്ത് വന്നതോടെ കൈകഴുകി രക്ഷപ്പെടാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ പടം വച്ച ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച്, പി.ആർ വർക്ക് നടത്തി അയ്യപ്പ സംഗമത്തിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചവരെയൊന്നും ഇപ്പോൾ കാണാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശബരിമലയിൽ മാറ്റമുണ്ടാക്കുമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും വിശ്വാസികൾക്ക് വേണ്ടിയാണ് നടത്തുന്നതെന്നും അവകാശപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ കൊള്ളയുടെ കഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇല്ലാത്ത ആളുകൾക്ക് ഭക്ഷണവും താമസവും നൽകിയെന്ന പേരിൽ കോടികളാണ് തട്ടിയെടുത്തത്. അവിടെ എത്തിയവരെയൊക്കെ പഞ്ചനക്ഷത്ര ഹോട്ടലിലാണോ താമസിപ്പിച്ചത്? പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണമാണോ നൽകിയത്? അവിടെ നടന്ന പരിപാടി എന്താണ്? ഗാനമേള നടത്തിയെന്നു പറഞ്ഞ് വരെ ബിൽ എഴുതിയെടുത്തു. തട്ടിപ്പിൽ സർക്കാരിനും പങ്കുണ്ട്. സർക്കാരിന്റെ പിന്തുണയോടെയാണ് ദേവസ്വം ബോർഡ് സംഗമം നടത്തിയത്. ഈ സർക്കാർ നിയമനിച്ചതാണ് ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും. ഇവരെല്ലാം ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ആളില്ലാത്തതു കൊണ്ട് സഹകരണവകുപ്പിന്റെ കൂടി ചുമതലയുള്ള ദേവസ്വം മന്ത്രി സഹകരണ വകുപ്പ് ജീവനക്കാരെയാണ് കാണികളായി എത്തിച്ചതെന്നും സതീശൻ പറഞ്ഞു.

കിടക്കയുടെ പേരിൽ പോലും തട്ടിപ്പ് നടത്തി. കൊല്ലത്ത് സി.പി.എം കോർപറേഷൻ ഭരിക്കുന്ന കാലത്ത് കുതിരയെ മാരുതി കാറിൽ കൊണ്ടുവന്നെന്ന് കണക്കെഴുതിയതു പോലെയാണ് അയ്യപ്പ സംഗമത്തിലും തട്ടിപ്പ് നടത്തിയത്. എല്ലാ കണക്കുകളും പരസ്പര വിരുദ്ധമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രി നിയമസഭയിൽ നൽകിയ കണക്ക് എല്ലാ തട്ടിപ്പിനെയും ന്യായീകരിക്കുന്നതാണ്. എന്നാൽ ഹൈക്കോടതിയിൽ നൽകിയ കണക്ക് ഇതിന് വിരുദ്ധമാണ്. അയ്യപ്പന്റെ പേരിൽ വേണോ ഈ തട്ടിപ്പ് എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. മുഖ്യമന്ത്രിയാണ് മുഴുവൻ ക്രെഡിറ്റും അടിച്ചെടുക്കാൻ നോക്കിയത്. അയ്യപ്പന്റെ ചിത്രത്തേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രമാണ് ഫ്ളക്സ് ബോർഡുകളിലുണ്ടായിരുന്നത്. എന്നിട്ട് ദേവസ്വം മന്ത്രി ഉൾപ്പെടെ എല്ലാവരും കൈകഴുകി പോയാൽ കോടികൾ കൊള്ളയടിച്ചതിന് ആര് ഉത്തരവാദിത്തം പറയും? ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികൾ കൊള്ളയടിച്ചതിന് കണക്ക് പറഞ്ഞേ മതിയാകൂ. ആരാണ് ഉത്തരവാദിയെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നേ മതിയാകൂ. 2019-ൽ ശബരിമലയിൽ നടത്തിയ കൊള്ളയ്ക്ക് പിന്നാലെ 2024 ലും കൊള്ള നടത്താൻ ശ്രമിച്ചു. ഇതിന്റെയൊക്കെ തുടർച്ചയായാണ് ആഗോള അയ്യപ്പസംഗമത്തിന്റെ പേരിലും തട്ടിപ്പ് നടത്തിയത്. ഇതേക്കുറിച്ച് അന്വേഷിക്കണം. സർക്കാരിനും ദേവസ്വം ബോർഡിനും ഉത്തരവാദിത്തമുണ്ട്. ആരും ഒഴിഞ്ഞുമാറാൻ ശ്രമികണ്ട എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കണക്കുകൾ തമ്മിൽ യോജിക്കുന്നില്ലെന്ന് ഹൈക്കോടതിയാണ് പറഞ്ഞത്. ടെൻഡർ ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നൽകാൻ വീട്ടിലെ കാര്യമില്ലല്ലോ ചെയ്തത്. ഇഷ്ടക്കാർക്ക് പന്തൽ പണിയാൻ നൽകിയെന്നും പ്രസാദം നൽകിയതിന് കണക്കില്ലെന്നും 180 കിടക്കകളിൽ അൻപതെണ്ണം കാണാനില്ലെന്നും ദേവസ്വം ബോർഡിൽ നിന്നും എടുത്ത പണം തിരിച്ചടച്ചില്ലെന്നും ജി.എസ്.ടിയിൽ പ്രശ്നമുണ്ടെന്നും കേബിളിംഗ് വർക്കുകളുടെ ബിൽ ഉണ്ടെങ്കിലും നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞത് കോടതിയാണ്. കോടതിയെ കബളിപ്പിക്കാൻ കള്ളക്കണക്കാണ് സമർപ്പിച്ചത്. സ്പോൺസർഷിപ്പിന്റെ പേരിൽ കള്ളപ്പിരിവും നടത്തിയിട്ടുണ്ട്. അതിന്റെയൊന്നും കണക്കില്ല. നാലായിരം പേർക്ക് പ്രഭാത ഭക്ഷണം അയ്യായിരം പേർക്ക് ഉച്ചഭക്ഷണം മൂവായിരം പേർക്ക് രാത്രം ഭക്ഷണം എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ അത്രയും പേർ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. സർക്കാരിന് ഉത്തരവാദിത്വം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഫ്ളക്സ് അടിച്ച് പി.ആർ വർക്ക് നടത്തിയത്? ആഗോള അയ്യപ്പ സംഗമം നടത്തി അയ്യപ്പഭക്തരെ കയ്യിലെടുക്കാനുള്ള ശ്രമമാണ് നടത്തിയത്. യോഗി ആദിത്യനാഥിന്റെ പ്രസംഗം വായിച്ചത് ഉൾപ്പെടെ എന്തൊക്കെയാണ് സംഗമത്തിൽ നടന്നത്. രാഷ്ട്രീയ മുതലെടുപ്പിന് നടത്തിയ പരിപാടിയുടെ പരിസമാപ്തിയാണ് ഇപ്പോൾ കാണുന്നത്.

2019-ലെ മോഷണത്തിന് ശേഷം 2024-ൽ വീണ്ടും ശബരിമലയിലെ സ്വർണം കക്കാൻ നേതൃത്വം നൽകിയ അതേ സംഘമാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. അതുകൊണ്ടാണ് മന്ത്രി വാസവൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം നടത്തിയത്. അതിന് അടിവരയിടുന്ന കാര്യങ്ങളാണ് ആഗോള അയ്യപ്പസംഗമത്തിന്റെ തട്ടിപ്പിലൂടെ പുറത്ത് വന്നിരിക്കുന്നത്. ദൈവത്തിന്റെ മുതൽ കക്കാൻ ഇറങ്ങിയിരിക്കുന്ന അമ്പലക്കള്ളന്മാരാണ് ഇവർ. അയ്യപ്പ സംഗമത്തിന്റെ പേരിൽ നടത്തിയ കള്ളപ്പിരിവുകളെയും സ്പോൺസർഷിപ്പുകളെയും സംബന്ധിച്ച് ഒരു കണക്കുമില്ല. കോടികളാണ് പിരിച്ചെടുത്തത്. അതൊന്നും ചെലവാക്കിയിട്ടുമില്ല. സർക്കാരിന് ഉത്തരവാദിത്തമില്ലെങ്കിൽ എം.വി ഗോവിന്ദൻ എന്തിനാണ് പ്രതിരോധിക്കുന്നത്. എസ്റ്റിമേറ്റാണെന്ന് എം.വി ഗോവിന്ദന് എങ്ങനെ അറിയാം. സി.പി.എമ്മിനും ഈ തട്ടിപ്പിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കട്ടിലിന് വേണ്ടി രണ്ടരലക്ഷം മുടക്കിയിട്ടുണ്ടോയെന്ന് അറിയില്ല. വാർത്തകൾ വരുന്നുണ്ട്. മുഖ്യമന്ത്രിക്കും ഈ തട്ടിപ്പിൽ പങ്കുണ്ട്. ആഗോള അയ്യപ്പ സംഗമം തന്നെ മുഖ്യമന്ത്രിയുടെ ഐഡിയയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അയ്യപ്പന്റെ സ്വർണവും ദ്വാരപാലശിൽപവും കട്ടെടുത്ത് കോടീശ്വരന് വിറ്റ് കോടികൾ കൈപ്പറ്റിയ മൂന്ന് സി.പി.എം നേതാക്കളാണ് ജയിലിലായത്. അവർക്കെതിരെ അച്ചടക്ക നടപടി പോലും എടുക്കാത്ത പാർട്ടിയാണ് സി.പി.എം. രക്തസാക്ഷി ഫണ്ട് കട്ടെന്ന് ചൂണ്ടിക്കാട്ടിയ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കിയവരാണ് ജയിലിൽ കിടക്കുന്ന കട്ടവരെ സംരക്ഷിക്കുന്നത്. അഗോള അയ്യപ്പ സംഗമത്തിലെ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി തന്നെ ഉത്തരവിടുമെന്നാണ് കരുതുന്നതെന്നും സതീശൻ പറഞ്ഞു.

Content Highlights: Opposition leader V.D. Satheesan alleges massive corruption in the Global Ayyappa Sangamam