ശബരിമല വികസനം: നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 18 അംഗ സമിതി, അയ്യപ്പ സംഗമത്തിന് പമ്പയില്‍ സമാപനം

പമ്പ: ആഗോള അയ്യപ്പസംഗമത്തിന് പമ്പ മണപ്പുറത്ത് സമാപനം. ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യംവെച്ചത് അത് അര്‍ഥപൂര്‍ണമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നുവെന്ന് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 18 അംഗ സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും ചര്‍ച്ച ചെയ്തു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയില്‍ 658 പേര്‍ പങ്കെടുത്തു. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ 310-ലധികം ആളുകള്‍ പങ്കെടുത്തു. മറ്റൊരു സെക്ഷനില്‍ 250-ലധികം ആളുകളാണ് പങ്കെടുത്തത്. ദേവസ്വം ബോര്‍ഡ് നേരിട്ട് ക്ഷണിച്ച 500-ഓളം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി. എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പെടെയുള്ള ഹൈന്ദവ സമുദായ സംഘടനാ നേതാക്കളും ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി.
കൈതപ്രത്തിന്റെ അയ്യപ്പശ്ലോകത്തോടെയാണ് ആഗോള അയ്യപ്പ സംഗമത്തിന് തുടക്കമായത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം മന്ത്രി വി.എന്‍.വാസവന്‍ വേദിയില്‍ വായിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ശേഖര്‍ ബാബുവും പളനിവേല്‍ ത്യാഗരാജനും മാത്രമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന് പരിപാടിക്കെത്തിയ മന്ത്രിമാര്‍. പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയെന്ന കാരണത്താല്‍ പളനിവേല്‍ ത്യാഗരാജന്‍ വേദിയില്‍ നിന്ന് ഇറങ്ങിപോകാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ വിളിക്കാന്‍ വൈകിയ കാരണം ബോധ്യപ്പെടുത്തി പളനിവേല്‍ ത്യാഗരാജനെ വേദിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പിന്നീട് സദസ്സില്‍ പ്രസംഗിച്ച ശേഷമാണ് പളനിവേല്‍ ത്യാഗരാജന്‍ മടങ്ങിയത്.
അതേസമയം ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതീക്ഷിച്ച അത്ര ആളുകള്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. 4245 പേരാണ് പരിപാടിയില്‍ പങ്കെടുക്കാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ എത്തിയത് 623 പേര്‍ മാത്രമാണ്. എന്നാല്‍ പരിപാടിയില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ശബരിമല യുവതിപ്രവേശനവും ആഗോള അയ്യപ്പസംഗമത്തില്‍ ചര്‍ച്ചയായി. അയ്യപ്പഭക്തര്‍ യുവതീപ്രവേശനത്തിന് എതിരാണെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണെന്നും പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് എത്തിയ മുന്‍ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
Content Highlights: global ayappa sangamam came to end in pamba