പുറത്തുനിന്നെത്തി ഗവിയിൽ താമസിക്കുന്നവർക്ക്‌ നിയന്ത്രണം വരുന്നു; സുരക്ഷാ നടപടികൾ ശക്തമാക്കുന്നു

ഗവി | File Photo: Mathrubhumi
ഗവി | File Photo: Mathrubhumi

സീതത്തോട്‌ : ഗവി മേഖലയിൽ പുറത്തുനിന്നെത്തി താമസിക്കുന്ന ആളുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഗവി-മീനാർ വനത്തിൽ കഴിഞ്ഞദിവസം യുവതി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിനൊടുവിലാണ്‌ ഇത്തരമൊരു തീരുമാനം നടപ്പിലാക്കാൻ ധാരണയായിട്ടുള്ളത്‌. യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച്‌ ഗവിയിലെ തോട്ടം തൊഴിലാളികൾ റോഡ്‌ ഉപരോധമുൾപ്പടെ നടത്തി പ്രതിഷേധിച്ചിരുന്നു.

ഇതിനൊടുവിൽ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന റവന്യൂ, വനം, പോലീസ്‌ ഉൾപ്പടെ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, തൊഴിലാളി യൂണിയൻ നേതാക്കളുമെല്ലാം ചേർന്ന്‌ നടത്തിയ യോഗത്തിലാണ്‌ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പുതിയ തീരുമാനങ്ങളെടുത്തിട്ടുള്ളത്‌. ഗവി കേന്ദ്രീകരിച്ച്‌ പോലീസ്‌ ഔട്ട്‌പോസ്റ്റ് തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങും.

പ്രധാന സ്ഥലങ്ങളിൽ ഗ്രാമപ്പഞ്ചായത്ത്‌ സി.സി.ടി.വി. ക്യാമകറ സ്ഥാപിക്കും. പുറത്തുനിന്നുവരുന്ന ആളുകൾ തൊഴിലാളിലയങ്ങളിൽ പ്രവേശിക്കുന്നത്‌ നിർത്തലാക്കാനും യോഗത്തിൽ തീരുമാനിച്ചു. വനംവകുപ്പിന്റെ കരാർ ജോലികളിൽ തദ്ദേശീയരായ തൊഴിലാളികളെ ഉൾപ്പെടുത്താനും നടപടിയായി. വാച്ചർമാരായി സ്ഥലവാസികളെ കൂടി നിയമിക്കുന്നതിനും യോഗത്തിൽ നടപടിയായി.

Content Highlights: Authorities implement strict security measures in Gavi, including police outposts and CCTV surveillance, following recent safety concerns.