മാലിന്യമുക്തമാകുന്നതില് മുഖംതിരിച്ച് 183 തദ്ദേശസ്ഥാപനങ്ങള്; സര്ക്കാര് വടിയെടുക്കും

തിരുവനന്തപുരം: ‘മാലിന്യമുക്ത കേരള’മാകാൻ ഒരുങ്ങവേ ചില തദ്ദേശസ്ഥാപനങ്ങൾ അതിനോട് മുഖംതിരിക്കുന്നത് സർക്കാരിന് വെല്ലുവിളി. 183 തദ്ദേശസ്ഥാപനങ്ങൾ മാലിന്യസംസ്കരണരംഗത്ത് ഏറേ പിന്നിലാണ്; ഇവയിൽ 74 എണ്ണം മലപ്പുറത്ത്. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തുകളും ഇതിലുണ്ട്. മാർച്ച് 30-ന് മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുമ്പേ, പിന്നിലുള്ള സ്ഥാപനങ്ങളെ പൂർണസജ്ജരാക്കാനാകുമോ എന്നതാണ് ആശങ്ക.
പിന്നാക്കംനിൽക്കുന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായി മന്ത്രി നേരിട്ട് സംസാരിക്കും എന്നിട്ടും സഹകരിച്ചില്ലെങ്കിൽ പട്ടിക പുറത്തുവിട്ട് മറ്റുനടപടികളിലേയ്ക്ക് കടക്കും.
അടിയന്തരയോഗം 25ന്
മാലിന്യസംസ്കരണത്തിൽ പിന്നിലുള്ള 183 തദ്ദേശസ്ഥാപനങ്ങളിലേയും അധ്യക്ഷർ, സെക്രട്ടറിമാർ, ജില്ലാ ജോയിന്റ് ഡയറക്ടർമാർ, നവകേരളം കർമപദ്ധതിയുടേയും ശുചിത്വമിഷന്റെയും ജില്ലാ കോർഡിനേറ്റർ എന്നിവരുടെ അടിയന്തരയോഗം 25-ന് തൃശ്ശൂർ കിലയിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും.
മാർച്ച് 30-ന് മുമ്പ് ഓരോ മേഖലയിലും നടത്തേണ്ട പ്രവർത്തനം നിശ്ചയിക്കും. നിരീക്ഷണത്തിന് ഉയർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കും. കാസർകോടുമുതൽ മലപ്പുറംവരെയുള്ള ജില്ലക്കാർക്ക് രാവിലെയും മറ്റുജില്ലക്കാർക്ക് ഉച്ചയ്ക്കുശേഷവുമാണ് യോഗം.
മികവിൽ കൊല്ലവും കണ്ണൂരും
മാലിന്യസംസ്കരണത്തിൽ കൊല്ലം, കണ്ണൂർ ജില്ലകളാണ് മുന്നിൽ. കൊല്ലത്ത് എല്ലാ നഗരസഭകളും മുന്നിലാണ്, രണ്ട് പഞ്ചായത്തുകൾ മാത്രമാണ് 183-ന്റെ പട്ടികയിൽ. കണ്ണൂരിൽ എല്ലാ പഞ്ചായത്തുകളും വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നഗരസഭകളും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്.
Content Highlights: Garbage free kerala-183 local bodies behind-government action