എൻഎസ്എസിന്റെ പേര് ‘മക്കൾ സർവീസ് സൊസൈറ്റി’ എന്നാക്കി മാറ്റുമോയെന്ന് ഭയം; സുകുമാരൻ നായർക്കെതിരേ ഗണേഷ്

വണ്ടൻമേട് (ഇടുക്കി): എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ പരിഹാസവും വിമർശനവുമായി മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. എൻഎസ്എസിന്റെ പേര് മാറ്റി മക്കൾ സർവീസ് സൊസൈറ്റി എന്നാക്കുമോ എന്ന ഭയം തനിക്കുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. സുകുമാരൻ നായർക്കെതിരേ മാധ്യമങ്ങൾക്കുപോലും അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്താൻ പോവുകയാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ സ്ത്രീകളെ അവഹേളിക്കുന്നവിധത്തിലുള്ള പരാമർശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എൻഎസ്എസിന്റെ ഇടുക്കി ജില്ലയിലെ വണ്ടൻമേട് യൂണിറ്റിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗണേഷ്കുമാർ. സുകുമാരൻ നായരുടെ മകൾക്ക് യോഗ്യതയില്ലാതെയാണ് പ്രൊഫസർ പദവി ലഭിച്ചത്. ആ ജോലിയിൽനിന്ന് വിരമിച്ച ശേഷം എൻഎസ്എസിന്റെ മുഴുവൻ കോളേജുകളുടെ ചുമതലയും അവർക്ക് നൽകി. അവർ ആ പദവിയിലിരുന്നുകൊണ്ട് പ്രൊഫസർമാരെയടക്കം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണെന്നും ഗണേഷ്‌കുമാർ ആരോപിച്ചു.
'നായർ ഭൃത്യ സംഘം എന്നായിരുന്നു ആദ്യം ഈ സ്ഥാപനത്തിന്റെ പേര്. അദ്ദേഹം ആ പേര് മാറ്റി. എന്തിനാണെന്നറിയാമോ, ഇത് ഇന്റർനാഷണൽ ലെവലിൽ വളരണം. അതിന് വേണ്ടി പേര്
നായർ സർവീസ് സൊസൈറ്റി എന്നാക്കി. ഇപ്പോൾ വളരുന്നില്ലെന്ന് മാത്രമല്ല, എന്റെ ഏറ്റവും വലിയ ഭയം പൊതുയോഗം വിളിച്ചുകൂട്ടി എൻഎസ്എസിന്റെ പേര് എംഎസ്എസ് എന്നാക്കുമോ എന്നാണ്. വേറൊന്നുമല്ല, മക്കൾ സർവീസ് സൊസൈറ്റി എന്നാക്കി മാറ്റുമോ എന്നൊരു സംശയം എനിക്കുണ്ട്. അതായത്, ഈ ജനറൽ സെക്രട്ടറിയുടെ മക്കൾക്ക് എന്താണ് ഗുണം കിട്ടിയത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും കേട്ടോ’, ഗണേഷ്കുമാർ പറഞ്ഞു.
'ജനറൽ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ പറയുന്നു, മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നിൽക്കുന്ന ഭാരവാഹികളായ സ്ത്രീകളെ മൂന്നുവർഷത്തിലൊരിക്കൽ മാറ്റിയേക്കണം. അല്ലെങ്കിൽ ഇവളുമാരെല്ലാം കള്ളികളാ മോട്ടിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്റെ കയ്യിലിരിപ്പുണ്ട് സർക്കുലർ. 3-8-24-ൽ ഇറക്കിയ സർക്കുലറിൽ പറയുന്നു, സ്ത്രീകളെ മൂന്നുവർഷത്തിൽ കൂടുതൽ ഇരിക്കാൻ സമ്മതിക്കരുത്, ക്രമക്കേട് നടക്കുമെന്ന്. ഇവനൊക്കെ കേറി പത്തും പന്ത്രണ്ടുംകൊല്ലം കസേരയിലിരുന്നിട്ട് എന്ത് ക്രമക്കേടാണ് ഇപ്പോൾ നടക്കുന്നത്. മന്നത്തു പദ്മനാഭന്റെ പ്രിയപ്പെട്ട മാതാവ് വിളക്കുകൊളുത്തിയ ഈ പ്രസ്ഥാനത്തിൽ ജനറൽ സെക്രട്ടറി ഇറക്കുന്ന സർക്കുലറാണ്. സ്ത്രീകളെ കസേരയിലിരുത്തരുത് മാറ്റിക്കോളണമെന്ന്’, ഗണേഷ്‌കുമാർ പറഞ്ഞു.
സുകുമാരൻ നായരുടെ ചെറുമകനുമായി ബന്ധപ്പെട്ടും ഗണേഷ്‌കുമാർ ആരോപണം ഉന്നയിച്ചു. ഒരു വിദ്യാഭ്യാസമന്ത്രി എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു. അന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. പക്ഷേ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വന്നപ്പോൾ പൊന്നാടയണിയിച്ച് സ്വീകരിച്ചില്ല. ഇതിന് കാരണം, ചെറുമകനുമായി ബന്ധപ്പെട്ട് ഒരു നിയമനം നടന്നിട്ടുണ്ട്. ആ നിയമനം ക്രമവത്കരിക്കണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ ഇടപെടൽ അല്ലെങ്കിൽ ആനുകൂല്യം വേണം. അതിനുവേണ്ടിയാണ് അത്തരമൊരു സ്വീകരണപരിപാടി സംഘടിപ്പിച്ചതെന്നും ഗണേഷ് കുമാർ ആരോപിച്ചു.
Content Highlights: KB Ganesh Kumar mocked NSS General Secretary G. Sukumaran Nair by suggesting the name be changed to Makkal Service Society due to nepotism., Alleged that Sukumaran Nair's daughter received undeserved promotions and is intimidating professors., Criticized a circular issued by the NSS leadership targeting women office-bearers and accused them of hypocrisy., Raised allegations regarding a job appointment involving Sukumaran Nair's grandson and political favors.