എന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിനുത്തരവാദി സി.പി.എം. ജില്ലാ സെക്രട്ടറി- ജി. സുധാകരൻ

#ന്യൂസ് ഡെസ്ക്
ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി
ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി

ആലപ്പുഴ: ‘എന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിനുത്തരവാദി സി.പി.എം. ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറായിരിക്കും. എന്നെ കൈകാര്യം ചെയ്തോളൂ. എന്നാൽ, സി.പി.എമ്മിനെ ജനം കൈകാര്യം ചെയ്തുകഴിഞ്ഞു. ജില്ല സെക്രട്ടറി ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട നേതാവാണ്. ജനപിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള ബൗദ്ധികശേഷിയോ കായികശക്തിയോ ഇല്ലാത്തയാൾ’ -ജി. സുധാകരൻ എം.എൽ.എ. ആലപ്പുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു.

ശനിയാഴ്ച എം.എൽ.എ.യുടെ ഓഫീസിലേക്കു സി.പി.എം. നടത്തിയ മാർച്ചിൽ, സുധാകരൻ വർഗവഞ്ചകനാണെന്നും ആ സമീപനം തുടർന്നാൽ കൈകാര്യം ചെയ്യുമെന്നും നാസർ പറഞ്ഞിരുന്നു. അതിനോടുള്ള പ്രതികരണമായിരുന്നു സുധാകരന്റേത്.

പോലീസിനെയും ജി. സുധാകരൻ കുറ്റപ്പെടുത്തി. ‘സി.പി.എം. മാർച്ചിന് പോലീസും കൂട്ടുനിന്നു. ഭരണം മാറിയത് ആലപ്പുഴയിലെ പോലീസ് അറിഞ്ഞിട്ടില്ല. പോലീസ് ആരോടും മമതയും വിരോധവും കാണിക്കേണ്ടാ. അവരുടെ ജോലി ചെയ്യണം. ഇവിടെ പ്രവർത്തിക്കാൻ സി.പി.എമ്മിന്റെ സമ്മതം വേണോ? തനിക്ക് 28,000 വോട്ടാണു ഭൂരിപക്ഷമെന്നു പറഞ്ഞതിനു കുഞ്ഞാലിക്കുട്ടിക്ക്‌ ഒന്നരലക്ഷം ഭൂരിപക്ഷമില്ലേയെന്നാണ് അവരുടെ ചോദ്യം. കുഞ്ഞാലിക്കുട്ടിയുടെ വോട്ടർമാരാണോ ഇവിടത്തെ വോട്ടർമാർ?’ -സുധാകരൻ ചോദിച്ചു.

സുധാകരൻ സമീപനം മാറ്റണം -ആർ. നാസർ

ജി. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ വലിയ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് സി.പി.എം. ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണം. പാർട്ടിയെ പിന്തുടർന്ന് ആക്രമിച്ചാൽ പ്രവർത്തകർ പ്രതികരിക്കും. ഇതു ഭീഷണിയല്ല, അങ്ങനെ സംഭവിക്കും. അപ്പോൾ ആർക്കും നിയന്ത്രിക്കാനാകില്ല. അതുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് സുധാകരനാണ്. സ്വന്തം മണ്ഡലത്തിൽ സമാധാനാന്തരീക്ഷമുണ്ടാക്കുക എന്ന ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടെന്നും നാസർ പറഞ്ഞു.

Content Highlights: G Sudhakaran holds R Nassar responsible for any potential physical attacks against him., R Nassar warns that Sudhakaran's continued criticism could lead to law and order issues., Sudhakaran alleges police bias and lack of impartiality in handling the CPIM march., The dispute highlights deep-rooted factionalism within the Alappuzha CPIM unit.