ഡിജിപിക്കുള്ള ഫണ്ട് രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായി ഉയര്‍ത്തി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെ ഡിജിപിക്ക് ചെലവഴിക്കാവുന്ന ഫണ്ട് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായാണ് തുക ഉയര്‍ത്തിയത്. 

പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകള്‍ക്കാണ് തുകയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലീസ് നവീകരണഫണ്ടിലെ ധൂര്‍ത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. 

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാവുന്നതിന് രണ്ടാഴ്ച മുന്‍പാണ് ഉത്തരവ് ഇറങ്ങിയത്. ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. 

നവീകരണ ആവശ്യങ്ങള്‍ക്കുള്ള തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് 2018 മുതല്‍ ഡിജിപി ലോകനാഥ് ബെഹ്‌റ ആറ് തവണ ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ്. 

2013ല്‍ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടി രൂപയായി ഉയര്‍ത്തിയത്. പിന്നാലെയാണ് 2020ല്‍ ഈ തുക കുത്തനെ ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവും പുറത്തുവന്നിരിക്കുന്നത്. 

Content Highlights: Fund for DJP Loknath Behra increased from two crore to five crore 

Content Highlights: