വിഴിഞ്ഞത്ത് ഫുജൈറ മാതൃകയിൽ ഔട്ടർ തുറമുഖം; മിഷൻ സമുദ്രയിലെ ആദ്യ പദ്ധതി ഇങ്ങനെ, ഇന്ത്യയിൽ ആദ്യം

തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ വിഭാവനം ചെയ്ത മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞത്ത് യു.എ.ഇയിലെ ഫുജൈറ മാതൃകയിൽ ഔട്ടർ തുറമുഖം വരുന്നു. പഴയ തുറമുഖം സർവീസ് ഹാർബറായി വികസിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
അന്താരാഷ്ട്ര കപ്പൽച്ചാലിന് തൊട്ടടുത്തുള്ള വിഴിഞ്ഞത്ത്, ഈ റൂട്ടിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് വിവിധ സേവനങ്ങളൊരുക്കുന്നതാണ് ഔട്ടർ തുറമുഖം. അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള എൻജിനീയറിങ് സർവീസ്, സ്പെയർ പാർട്സുകൾ, ഇന്ധനം (ബങ്കറിങ്), ക്രൂചെയ്ഞ്ച് തുടങ്ങിയ സേവനങ്ങളാണ് നൽകാനാവുക.
പഴയ തുറമുഖം വികസിപ്പിച്ച് വലിയ േബാട്ടുകൾക്കും ചെറിയ കപ്പലുകൾക്കും അടുക്കാൻ സൗകര്യമൊരുക്കും. നേരത്തെ നാവികസേനയുമായി ചേർന്ന് പുറംകടലിൽ ഔട്ടർ ഹാർബർ എന്ന ആശയം സർക്കാർ ആവിഷ്കരിച്ചിരുന്നു. അതിനാൽ നാവികസേനയുടെ സഹകരണവും പദ്ധതിക്ക് തേടാനാകുമെന്നാണ് പ്രതീക്ഷ. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ചരക്കുകപ്പലുകൾക്ക് ഫുജൈറ ഓഫ്ഷോർ ആങ്കറേജ് സംവിധാനമാണ് ബങ്കറിങ്ങും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നത്.
നിലവിൽ ഇന്ത്യയിൽ ഇത്തരം സേവനങ്ങൾ നൽകുന്ന തുറമുഖമില്ല. കൂടുതൽ ഭൂമിയേറ്റെടുക്കാതെ നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. പാരിസ്ഥിതിക, സാമ്പത്തിക സാധ്യതകൾ പഠിക്കാൻ ഏജൻസിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാരിടൈം ബോർഡിന്റെ കൈവശമുള്ള വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ വികസനമാണ് മിഷൻ സമുദ്രയുടെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
Content Highlights: Under the Mission Samudra initiative, Kerala plans to develop India's first Fujairah-model outer port at Vizhinjam by upgrading the old harbor to provide bunkering, ship repairs, spare parts, and crew change services.