സവർക്കർക്കുള്ള പുകഴ്ത്തൽ മാത്രമല്ല, ഫ്രീഡം ക്വിസ് ചോദ്യങ്ങളിൽ നിറയെ തെറ്റുകൾ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കാസർകോട് : വി.ഡി.സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെത്തുടർന്ന് വിവാദത്തിലായ ‘ഫ്രീഡം ക്വിസ് 2026’-ലെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും തെറ്റുകളുടെ കൂമ്പാരവും. അഞ്ച് ടൈബ്രേക്കർ ഉൾപ്പെടെ 20 ചോദ്യങ്ങളിൽ വിവാദ ചോദ്യത്തിനുപുറമേ അഞ്ച് തെറ്റുകളുമുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ എൽ.പി. വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ക്വിസിന്റെ ചോദ്യാവലിയിലാണ് തെറ്റുകൾ കടന്നുകൂടിയത്. എൽ.പി., യു.പി. ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ തയ്യാറാക്കിയ ചോദ്യാവലിയിലെ തെറ്റുകൾ ഞെട്ടിക്കുന്നതാണ്.

ഏഴാമത്തെ ചോദ്യമായ ‘1891-ൽ ദാദാബായ് നവറോജി എഴുതിയ ‘പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം അവതരിപ്പിച്ച ചരിത്രപ്രസിദ്ധമായ സിദ്ധാന്തം ഏത്?’ എന്നതിലാണ് ആദ്യ തെറ്റ്. 1891-ലല്ല, 1901-ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘രാജ്‌ഭവൻ ആരുടെ ഒൗദ്യോഗിക വസതിയാണ്?’ എന്നാണ് ഒൻപതാമത്തെ ചോദ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യത്തുടനീളമുള്ള സംസ്ഥാന ഗവർണർമാരുടെ ഔദ്യോഗിക വസതികളുടെ പേര് ‘ലോക്ഭവൻ’ എന്ന് മാറ്റിയിട്ടുണ്ട്. ഇത് ചോദ്യം തയ്യാറാക്കിയ സാമൂഹികശാസ്ത്ര അധ്യാപകർ അറിഞ്ഞില്ല.

‘ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ആര്?’ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലുമുണ്ട് ഒരു അക്ഷരത്തെറ്റ്. ‘മാഡം ബിക്കാജി കാമ’ എന്നാണ് ഉത്തരം നൽകിയിട്ടുള്ളത്. എന്നാൽ അവരുടെ പേര് ‘മാഡം ഭിക്കാജി കാമ’ എന്നാണ്. ‘പഞ്ചവത്സര പദ്ധതിയെന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിൽനിന്നാണ്?’ എന്നതിന് നൽകിയ ഉത്തരം ‘റഷ്യ’യാണ്. എന്നാൽ ‘സോവിയറ്റ് യൂണിയൻ (യു.എസ്.എസ്.ആർ.)’ എന്നതാണ് ശരിയായ ഉത്തരം.

‘ഇന്ത്യ ഒറ്റ പൗരത്വം എന്ന ആശയം സ്വീകരിച്ചത് ഏത് രാജ്യത്തിൽനിന്നാണ്?’ എന്ന ചോദ്യത്തിന്റെ ശരിയുത്തരം ബ്രിട്ടനാ(യുണൈറ്റഡ് കിങ്ഡം-യു.െക.)ണ്. എന്നാൽ നൽകിയിട്ടുള്ള ഉത്തരം ‘ഇംഗ്ലണ്ട്’ എന്നാണ്. ഭൂമിശാസ്ത്രപരമായി ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡ(യു.കെ.)ത്തിലെ ഏറ്റവും വലിയ ഘടകരാജ്യം മാത്രമാണ്.

ചോദ്യാവലിയിലെ 'ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ആര്?' എന്ന ചോദ്യവും 'വി.ഡി.സവർക്കർ' എന്ന ഉത്തരവുമാണ് വിവാദമായത്. ചോദ്യം തയ്യാറാക്കിയ കുമ്പള ഉപജില്ലയിലെ പള്ളത്തടുക്ക എ.യു.പി.എസിലെ അധ്യാപകൻ ഗുരുപ്രസാദിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

Content Highlights: Freedom Quiz 2026 held for LP students in Kasaragod contained multiple factual errors alongside the VD Savarkar controversy., Five major errors were identified in the 20 question questionnaire prepared by social science teachers.