ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം

#News Desk
ഹൈക്കോടതി | Photo: PTI
ഹൈക്കോടതി | Photo: PTI

തിരുവനന്തപുരം: പീഡനക്കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം. അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

രണ്ടു മാസം മുമ്പാണ് അപ്പീലിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നഭ്യർഥിച്ച് അതിജീവിത സർക്കാരിനെ സമീപിച്ചത്. നാലു വർഷം മുമ്പാണ് കേസിൽ കോട്ടയത്തെ വിചാരണക്കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരായ കേസിലെ ആദ്യ അതിജീവിത ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലെ വാക്യങ്ങൾ അച്ചടിച്ച കപ്പിൽ മുഖ്യമന്ത്രി വെള്ളം കുടിക്കുന്ന ചിത്രം വൈറലായിരുന്നു. ഇതേ ആർജവം കന്യാസ്ത്രീയുടെ കാര്യത്തിലുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ നവംബർ 12-ന് കന്യാസ്ത്രീ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് നിവേദനം നൽകിയത്. മുഴുവൻ വായിച്ചുനോക്കിയശേഷം വേണ്ടതു ചെയ്യാമെന്നു പറയുകയും ചെയ്തു. എന്നാൽ, തുടർനടപടി ഉണ്ടായില്ല. ഹൈക്കോടതിയിൽ സീനിയർ അഡ്വക്കേറ്റായ ബി.ജി. ഹരീന്ദ്രനാഥിന്റെ പേരാണ് അതിജീവിത നൽകിയത്. ജില്ലാ ജഡ്ജിയായി വിരമിച്ച ഇദ്ദേഹം ലോ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അതിജീവിതമാർ നൽകുന്ന പേര് സർക്കാർ അംഗീകരിക്കുകയാണു പതിവ്. നടി ആക്രമിക്കപ്പെട്ട കേസിൽ അവർ ആവശ്യപ്പെട്ടവരെ സർക്കാർ അനുവദിച്ചിരുന്നു.

വിചാരണക്കോടതിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ആവശ്യം പരിഗണിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് തുടർനടപടിയെടുക്കുന്നത്. സർക്കാരിന്റെ തീരുമാനപ്രകാരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉത്തരവിറക്കും. ഇതിനു മുൻപായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ സമ്മതവും വാങ്ങും. ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിക്കും.

കേസ് തീരുന്ന മുറയ്ക്കാണ് ഫീസ് നൽകുക. ഈ കേസ് കോടതിയിൽ ലിസ്റ്റു ചെയ്ത ദിവസങ്ങൾ നോക്കിയും മറ്റുമാണ് ഫീസ് നൽകുകയെന്ന് വിവിധ കേസുകളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിട്ടുള്ള അഭിഭാഷകൻ പറഞ്ഞു.

എന്നാൽ, ഹൈക്കോടതിയിൽ അപ്പീൽ പോകുന്നതിന് ഈ നടപടിക്രമങ്ങൾ ആവശ്യമില്ല. സർക്കാരിന്റെ ഉത്തരവു മാത്രം മതി. നടിയുടെ കേസ് വന്നപ്പോൾ എല്ലാവരും 'അവൾക്കൊപ്പം' എന്നു പറഞ്ഞെങ്കിലും ഫലത്തിൽ അതൊന്നും കാണാറില്ലെന്ന് 'മാതൃഭൂമി'യുമായുള്ള അഭിമുഖത്തിൽ അതിജീവിതയായ കന്യാസ്ത്രീ പറഞ്ഞിരുന്നു.

Content Highlights: Franco Mulakkal Case: Kerala Govt Appoints B.G. Hareendranath as Special Prosecutor for High Court Appeal