എന്നെ യാത്രയാക്കേണ്ട മകൻ, എനിക്കിപ്പോൾ അവനെ യാത്രയാക്കേണ്ടി വരുന്നു, നെഞ്ചുതകർത്ത് വൈദികന്റെ വാക്കുകൾ

ര്‍മവെച്ച നാള്‍ മുതല്‍ തോമസ് ജോസഫ് എത്രയോ തവണ പള്ളിയില്‍ കുര്‍ബാനമധ്യേയും ശവസംസ്‌കാര ശുശ്രൂഷകളിലും വൈദികനായ പിതാവിന്റെ പ്രസംഗങ്ങള്‍ കേട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സി.കെ ജോസഫ് എന്ന വൈദികന്‍ നെഞ്ച് പൊട്ടി കരഞ്ഞുകൊണ്ട് ഒരു സംസ്‌കാര ശുശ്രൂഷയ്ക്കിടയില്‍ പ്രസംഗിച്ചു. പക്ഷേ അത് കേള്‍ക്കാന്‍ മകൻ തോമസിന് കഴിഞ്ഞില്ല. നെഞ്ചുപൊട്ടി പിതാവ് പ്രസംഗിക്കുമ്പോൾ അയാൾ ശവപേടകത്തിൽ അന്ത്യനിദ്രയിലായിരുന്നു.

ജോസഫ് അച്ചന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ തോമസ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മകന്റെ സംസ്‌കാരശുശ്രൂഷയ്ക്കിടെ വൈദികരെയും ഇടവകാംഗങ്ങളെയും സാക്ഷിയാക്കി ജോസഫ് അച്ചന്‍ നടത്തിയ പ്രസംഗം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ആത്മീയ യാത്രയില്‍ തങ്ങളെ കൈപിടിച്ചു നടത്തുന്ന, വിഷമങ്ങളില്‍ സ്വാന്തനമേകുന്ന വൈദികന്‍ നിസ്സഹായനായി വിങ്ങിക്കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെ നിരവധി പേരാണ് ജോസഫച്ചന് ആശ്വാസവാക്കുകളുമായി എത്തുന്നത്.

ജോസഫ് അച്ചന്റെ പ്രസംഗത്തില്‍ നിന്ന്

എന്റെ മൂന്ന് മക്കളില്‍ കടിഞ്ഞൂല്‍ കുഞ്ഞാണ് ഇവിടെ മരിച്ചുകിടക്കുന്നത്. അവന്റെ ഒന്നര വയസുവരെ നല്ല ആരോഗ്യവാനായ ബുദ്ധിശക്തിയുള്ള ദൈവീക ചൈതന്യമുള്ള കുഞ്ഞായിരുന്നു. ഒന്നര വയസില്‍ ഒരു പനി വന്നു അത് പിന്നെ ന്യുമോണിയ ആയി. മാസങ്ങളോളം ആശുപത്രിയില്‍ അവനോടൊപ്പം കിടന്നു. അഞ്ച് മാസം മുമ്പ് കാലില്‍ വന്ന നീരിനെ തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ ഹൃദയസംബന്ധമായ അസുഖം ആണെന്ന് കണ്ടെത്തി. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തിയിരുന്നു. ഒരു വര്‍ഷത്തോളം പൂര്‍ണ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് മാസം കഴിഞ്ഞിരുന്നു. പള്ളിയില്‍ ആരാധനയില്‍ പോകണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ഞാന്‍ അത് അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 13ന് ഒരു സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പോയി. അവന്റെ ആത്മാര്‍ത്ഥതയാണോ അവന്റെ മണ്ടത്തരമാണോ, അവന്റെ അറിവില്ലായ്മയാണോ എന്നറിയില്ല വലതുകൈയില്‍ ധൂപകുറ്റിയും ഇടതുകയ്യില്‍ കുന്തിരിക്കവുമായി അവന്‍ കുറേ ഓടുകയും സ്റ്റെപ്പ് കയറുകയുമൊക്കെ ചെയ്തു. ഉടനെ തളര്‍ന്ന് വീണ് ബോധമില്ലാതെയായി. ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ കുഞ്ഞ് ഞങ്ങളുടെ വേദനയുടെ തീച്ചുളയാണ്. കാരണം ഞാന്‍ ദൈവത്തോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളു ഒരു 15 വര്‍ഷമെങ്കിലും എന്റെ കുഞ്ഞിന്റെ ആയുസ് നീട്ടിത്തരണമേയെന്ന്. പല കാര്യങ്ങളും ഞാന്‍ ദൈവത്തോട് ചോദിച്ചിട്ടുണ്ട് അതെല്ലാം സാധ്യമാക്കി തന്നിട്ടുമുണ്ട്. പക്ഷേ ഇതുമാത്രം..... ഞാന്‍ ഇവിടെ നിന്ന് ദൈവ സന്നിധിയിലേക്ക് പോകുമ്പോള്‍ ഇവനാണ് എനിക്ക് വെള്ളമൊഴിച്ച് തന്ന് എന്നെ യാത്രയാക്കേണ്ടത്. പക്ഷേ ഞാന്‍ ഇപ്പോള്‍ അവനെ യാത്രയാക്കേണ്ടി വരുമ്പോള്‍ എനിക്ക് സഹിക്കാന്‍ ആവുന്നില്ല.

എല്ലാവരും എനിക്ക് ആശ്വാസം ലഭിക്കാനായി പ്രാര്‍ത്ഥിക്കണം.

Content Highlights: Fr C.K. Joseph spoke emotionally at the funeral service held for his son